ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടലിന് പിന്നാലെയുണ്ടായ സ്ഫോടനത്തിൽ ഏഴു പ്രദേശവാസികൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ സൈന്യം മൂന്നു തീവ്രവാദികളെ വധിച്ചശേഷം ഇതേസ്ഥലത്ത് നടന്ന സ്ഫോടനത്തിലാണ് പ്രദേശവാസികൾ കൊല്ലപ്പെട്ടത്. കുൽഗാം ജില്ലയിലെ ലാരൂ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് സേന എത്തിയത്. പരിശോധനക്കിടെ തീവ്രവാദികൾ വെടിയുതിർത്തപ്പോൾ സൈന്യം തിരിച്ചടിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് സേന പിന്മാറിയ ഉടനെയായിരുന്നു സ്ഫോടനം.
സ്ഥലത്ത് പ്രവേശിക്കരുതെന്ന് നിർദേശം നൽകിയിരുെന്നങ്കിലും ഇത് ലംഘിച്ചാണ് പ്രദേശവാസികൾ എത്തിയതെന്ന് പൊലീസ് അറിയിച്ചു. പ്രദേശവാസിയായ ഉബൈദ് ലവ സംഭവസ്ഥലത്തുവെച്ചും മറ്റു അഞ്ചുപേർ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഫോടനം നടന്ന സ്ഥലത്ത് യുവാക്കളും സുരക്ഷാസേനയും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്. അതേസമയം, പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള പൊലീസ് നടപടിക്കിടെ 24 പേർക്ക് പരിക്കേറ്റെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും സ്ഥലം എം.എൽ.എ എം.വൈ. താരിഗമി ആവശ്യപ്പെട്ടു.
രജൗരി ജില്ലയിലെ അതിർത്തിനിയന്ത്രണ രേഖയിൽ സായുധരായ രണ്ടു പാക് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു. വധിക്കപ്പെട്ടത് പാകിസ്താൻ സേനയുടെ ഭാഗമായ ബോർഡർ ആക്ഷൻ ടീമിലുള്ളവരാണെന്ന് സംശയിക്കുന്നതായി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഞായറാഴ്ച ഉച്ചക്കായിരുന്നു സംഭവം. കൊല്ലപ്പെട്ടവരിൽനിന്ന് രണ്ട് എ.കെ 47 തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. മറ്റൊരു ഏറ്റുമുട്ടലിൽ മൂന്നു സൈനികരും കൊല്ലപ്പെട്ടു. നുഴഞ്ഞുകയറ്റക്കാരുമായുള്ള ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ ഒരു സൈനികനെ ഉദംപുരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടലുണ്ടായ സ്ഥലം സൈന്യം വളഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.