ശ്രീനഗർ: സംഘർഷം വിടാതെ വേട്ടയാടുന്ന കശ്മീരിൽ 10ാം ക്ലാസ് പരീക്ഷ ഫലം വന്നപ്പോൾ അഭിമാനവും ആഘോഷവുമായി രണ്ടു കുട്ടികൾ. സാമ്പത്തിക പരാധീനതയിൽ വഴികളടഞ്ഞ് ഒറ്റമുറിയുടെ ഇരുട്ടിലേക്ക് ചുരുങ്ങിയ ഗൻഡർബാൽ സ്വദേശി മുഹമ്മദ് അയ്യൂബിെൻറ മകൾ പർവീണ അയൂബ് 97.8 ശതമാനം മാർക്കുമായി മിന്നുന്ന വിജയം നേടിയപ്പോൾ, അനന്ദ്നാഗ് സ്വദേശിയായ ഭിന്നശേഷിക്കാരി താബിയ ഇഖ്ബാലും ഉയർന്ന മാർക്കോടെ, വെള്ളിയാഴ്ച ഫലം പുറത്തുവന്ന പരീക്ഷയിൽ നാടിെൻറ അഭിമാനമായി.
സംഘർഷവും ദാരിദ്ര്യവും മാത്രം കൂട്ടാകുമായിരുന്ന ജീവിതത്തിൽ പഠനത്തെ ഏറ്റവും വലിയ കൂട്ടുകാരിയായി സ്വീകരിച്ചാണ് പർവീണ അയ്യൂബ് 500ൽ 490 മാർക്കുമായി ഗ്രേഡ് എ വൺ സ്വന്തമാക്കിയത്. ജീവിതത്തിെൻറ രണ്ടറ്റം മുട്ടിക്കാൻ ശരിക്കും പ്രയാസപ്പെടുന്ന കുടുംബമായിട്ടും ഒരിക്കലും പതറാതെയായിരുന്നു പർവീണയുടെ പഠന സപര്യ. അയ്യൂബിന് നാല് പെൺമക്കളാണ്. തകരഷീറ്റ് കൊണ്ട് മറച്ച ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം മുഴുവനും കഴിയുന്നത്.
അനന്ത്നാഗിലെ ഷാൻഗസിലുള്ള നൗഗാം സ്വദേശിനിയായ 16 കാരി താബിയ 90.4 ശതമാനം മാർക്കോടെ (452/500)യാണ് ജമ്മു കശ്മീർ സ്കൂൾ വിദ്യാഭ്യാസ ബോർഡ് നടത്തിയ 10ാം ക്ലാസ് പരീക്ഷ കടന്നത്. പ്രാദേശിക സ്കൂളിൽ പഠനം തുടങ്ങിയ താബിയക്ക് ചെറുപ്പത്തിലേ സന്ധിവാതം കലശലായി വിദ്യാലയ ജീവിതം അവസാനിപ്പിക്കേണ്ടിവന്നു. നിൽക്കാൻ വീൽചെയർ വേണ്ടിയിരുന്ന അവർ പക്ഷേ, പഠനത്തിൽ ആരെയും തോൽപിക്കും മിടുക്കുമായാണ് ഓരോ വർഷവും പിന്നിട്ടത്. വീട്ടിലിരുന്ന് പഠിച്ചായിരുന്നു പരീക്ഷ എഴുതൽ.
''ജീവിതം അത്യസാധാരണമാംവിധം പരീക്ഷണമായിട്ടും ആരോടും പരിഭവമില്ലാതെയാണ് താബിയ പഠനം തുടർന്ന''തെന്ന് പറയുന്നു, പിതാവ് ഇഖ്ബാൽ. അവർക്ക് ചികിത്സ ലഭ്യമാക്കാൻ ഏതറ്റം വരെയും പോകാൻ കുടുംബം ഒരുക്കമായിരുന്നു. അതുകൊണ്ടും കാര്യമുണ്ടായില്ല. അപൂർവം വാക്കുകളിൽ താബിയയുടെ സംസാരം മുറിയും. അതും മനസ്സിലാകുക ഏറ്റവുമടുത്ത കുടുംബക്കാർക്ക് മാത്രം. വീൽചെയറിലേറി കുടുംബത്തിനൊപ്പം ചിലപ്പോഴെങ്കിലും പുറത്തുപോകും. ഇനിയും പഠിക്കണമെന്നാണ് മോഹം. താബിയ സ്വന്തം ജീവിതത്തിലൂടെ തങ്ങളെ യഥാർഥ ജീവിതം പഠിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു, മാതാവ് മുനീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.