കോയമ്പത്തൂർ: ജയലളിതയുടെ ഉടമസ്ഥതയിലുള്ള കൊടനാട് എസ്റ്റേറ്റ് കാവൽക്കാരനെ കൊന്ന് ബംഗ്ലാവിൽ കൊള്ള നടത്തിയ കേസിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശികളായ സതിഷ്, ദീപു, സന്തോഷ് എന്നിവരാണ് പിടിയിലായത്. ഉൗട്ടി സ്വദേശിയാണ് മറ്റൊരു പ്രതി. വെള്ളിയാഴ്ച തൃശൂരിൽനിന്ന് കസ്റ്റഡിയിലെടുത്ത മൂവരെയും നീലഗിരിയിലെ രഹസ്യ കേന്ദ്രത്തിൽ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രതികളുടെ പേരുവിവരങ്ങളും മറ്റും പൊലീസ് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ച പുലർച്ച എസ്റ്റേറ്റിലെ പത്താം നമ്പർ ഗേറ്റിലെ കാവൽക്കാരനായ നേപ്പാൾ സ്വദേശി ഒാം ബഹുദൂറിനെയാണ് (51) സംഘം കുത്തി കൊന്നത്. പ്രതികളെ തടഞ്ഞ സഹപ്രവർത്തകനായ കൃഷ്ണ ബഹദൂറിന് (37) പരിക്കേറ്റിരുന്നു. എസ്റ്റേറ്റിലെ വൈറ്റ് മാൻഷൻ ബംഗ്ലാവിെൻറ ജനൽ കണ്ണാടികൾ തകർത്ത് അകത്തുകടന്ന സംഘം ജയലളിതയും ശശികലയും താമസിക്കുന്ന മുറികളുടെ വാതിൽ കുത്തിത്തുറന്ന് സ്വർണവും പണവും പ്രമാണപത്രങ്ങളും കൊള്ളയടിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണത്തിെൻറ ആദ്യഘട്ടത്തിൽ കൃഷ്ണ ബഹദൂറിനെയാണ് പൊലീസ് സംശയിച്ചത്. ബംഗ്ലാവിൽനിന്ന് കണ്ടെടുത്ത രക്തസാമ്പിൾ പരിശോധിച്ചപ്പോൾ കൃഷ്ണ ബഹദൂറിേൻറതല്ലെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് പുറമെ നിന്നെത്തിയ സായുധ സംഘമാണ് കൊലയും കൊള്ളയും നടത്തിയതെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.
പ്രതികൾ കുടുങ്ങിയത് സി.സി.ടി.വി പരിേശാധനയിലൂടെ
കോയമ്പത്തൂർ: കൊടനാട് എസ്റ്റേറ്റ് കാവൽക്കാരനെ കൊന്ന് ബംഗ്ലാവിൽ കൊള്ള നടത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതികൾ കുടുങ്ങിയത് സി.സി.ടി.വി പരിശോധനയിൽ. കോത്തഗിരി- കൊടനാട് റോഡിലെ സ്വകാര്യ സ്ഥാപനങ്ങളിലും മറ്റുമുള്ള സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിച്ചപ്പോൾ ഇന്നോവ ഉൾപ്പെടെ രണ്ട് കാറുകൾ കടന്നുപോകുന്നത് കണ്ടെത്തിയിരുന്നു.
ഏപ്രിൽ 24ന് മൂന്നുപ്രതികളും സഞ്ചരിച്ച ഇന്നോവ കാർ ഗൂഡല്ലൂർ ചെക്ക്പോസ്റ്റിൽ മതിയായ രേഖകളില്ലാത്തതിനാൽ പൊലീസ് പിടികൂടിയിരുന്നു. പിന്നീട് കേരളത്തിൽ നിന്നെത്തിയ ചിലർ യഥാർഥ രേഖകൾ ഹാജരാക്കിയതിനെ തുടർന്ന് പൊലീസ് കാർ വിട്ടുകൊടുക്കുകയായിരുന്നു. അതിനിടെയാണ് ഗൂഡല്ലൂരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്നോവ കാർ സി.സി.ടി.വി കാമറകളിൽ പതിഞ്ഞ കാറിെൻറ ചിത്രവുമായി സാദൃശ്യമുണ്ടെന്ന് അറിവായത്. തുടർന്നാണ് പൊലീസ് സംഘം മലപ്പുറം, തൃശൂർ ജില്ലകളിൽ പ്രസ്തുത ഇന്നോവ കാറിനുവേണ്ടി തിരച്ചിൽ ഉൗർജിതപ്പെടുത്തിയത്.
തൃശൂർ ചാവക്കാടിന് സമീപത്തുനിന്ന് പ്രതികളെ പിടികൂടിയ പൊലീസ് കാറും കസ്റ്റഡിയിലെടുത്തതായി അറിയുന്നു. ഏപ്രിൽ 23ന് ഉച്ചക്കുശേഷം അണ്ണാ ഡി.എം.കെ പതാക കെട്ടിയ കാർ കോത്തഗിരി നഗരത്തിൽ നിർത്തിയിട്ടിരുന്നത് വാഹന ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസിറ്റബിളുമായി പ്രതികൾ തർക്കത്തിലേർപ്പെട്ടതായും വിവരമുണ്ട്. എസ്റ്റേറ്റ് ബംഗ്ലാവിലെ ഫർണിച്ചറുകളുടെ നിർമാണം കരാറെടുത്തയാൾ ഉൗട്ടി സ്വദേശിയാണ്. കേരളത്തിൽനിന്ന് കൊണ്ടുവന്ന തേക്ക്, ഇൗട്ടി മരങ്ങൾ ഉപയോഗിച്ചാണ് ഫർണിച്ചറുകൾ നിർമിച്ചിരുന്നത്. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാറിന് പുറമെ കരാറുകാരെൻറ പജേറോ കാറും സംഭവസമയം എസ്റ്റേറ്റ് പരിസരത്ത് എത്തിയിരുന്നു.
ശശികലയുമായി അടുത്ത പരിചയമുള്ള ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. ജയലളിത മരിക്കുകയും ശശികല ജയിലിലുമായ സാഹചര്യത്തിൽ ബംഗ്ലാവിനകത്ത് സൂക്ഷിച്ചിരുന്ന പണവും സ്വർണവും മറ്റുവിലപിടിപ്പുള്ള സാധനങ്ങളും കൊള്ളയടിക്കുകയായിരുന്നു സംഘത്തിെൻറ ലക്ഷ്യമെന്ന് പൊലീസ് കരുതുന്നു. സൈബർ ക്രൈം പൊലീസിെൻറ സഹായത്തോടെ മൊബൈൽ ഫോണുകൾ പിന്തുടർന്നാണ് പൊലീസ് പ്രതികളെ വലയിൽ വീഴ്ത്തിയത്. സംഭവസമയം എസ്റ്റേറ്റ് പരിസരത്ത് പ്രവർത്തിച്ചിരുന്ന മൊബൈൽ ഫോണുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.