ലഖിംപൂർ ഖേരി: ആശിഷ് മിശ്രയുടെ ജാമ്യത്തെ ഫലപ്രദമായി എതിർത്തില്ലെന്ന ആരോപണം നിഷേധിച്ച് യു.പി സർക്കാർ

ന്യൂഡൽഹി: ലഖിംപൂർ ഖേരി കേസിലെ ഇരകളുടെ കുടുംബത്തെയും സാക്ഷികളെയും സംരക്ഷിക്കാൻ സംസ്ഥാനം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി അവരുമായി പൊലീസ് പതിവായി ബന്ധപ്പെടാറുണ്ടെന്നും സർക്കാർ പറഞ്ഞു.

സാക്ഷികളുമായി 2022 മാർച്ച് 20-ന് ടെലിഫോണിലൂടെ ബന്ധപ്പെട്ടു. നൽകിയ സുരക്ഷയിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അതാത് ജില്ലയിലെ പൊലീസ് സൂപ്രണ്ടുമായി ഉടൻ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ടെന്നും യു.പി സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

കേസിൽ പ്രതിചേർക്കപ്പെട്ട കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് യു.പി സർക്കാർ സത്യവാങ് മൂലം സമർപ്പിച്ചത്.

പ്രതിക്ക് ജാമ്യം നൽകിയ അലഹബാദ് ഹൈകോടതിയുടെ വിധിയെ സർക്കാർ ശക്തമായി എതിർത്തിരുന്നു. ജാമ്യത്തെ സർക്കാർ എതിർത്തില്ലെന്നവകാശപ്പെട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹരജി തികച്ചും വാസ്തവ വിരുദ്ധമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കേസിലെ ഒരു സാക്ഷിയെ ചിലർ സംഘം ചേർന്ന് ആക്രമിച്ചതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. എന്നാൽ ഹോളി ആഘോഷങ്ങൾക്കിടെ നിറം പുരട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തിയെന്നും ആശിഷ് മിശ്ര ജാമ്യത്തിലാണെന്നും ചൂണ്ടിക്കാട്ടി ചിലർ സാക്ഷിയെ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിരുന്നു.

ആശിഷ് മിശ്രക്ക് ജാമ്യം ലഭിച്ച് ദിവസങ്ങൾക്കകം കേസിലെ പ്രധാന സാക്ഷികളിലൊരാൾ ക്രൂരമായി മർദ്ദിക്കപ്പെട്ടന്ന് മുതിർന്ന അഭിഭാഷകരിലൊരാളായ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ ആരോപിച്ചിരുന്നു. ഇതിന് തുടർച്ചയായി സുപ്രീം കോടതി യു.പി സർക്കാരിന് നോട്ടീസ് അയക്കുകയായിരുന്നു.

Tags:    
News Summary - Lakhimpur Kheri case: UP govt denies allegation that it didn't effectively oppose bail plea of Ashish Mishra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.