വാരാണസി: പെൺകുട്ടിയെ ആക്രമിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഉത്തർ പ്രദേശിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിയ സമരത്തിനുനേരെ പൊലീസ് ലാത്തിച്ചാർജ്. പെൺകുട്ടികളടക്കം നിരവധി വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒക്ടോബർ രണ്ടുവരെ സർവകലാശാല അടച്ചിട്ടതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
ശനിയാഴ്ച രാത്രി വൈകിയാണ് ലാത്തിച്ചാർജുണ്ടായത്. സർവകലാശാല കാമ്പസിൽ ബൈക്കുമായി അതിക്രമിച്ചു കയറിയ സംഘം പെൺകുട്ടിയോട് മോശമായി പെരുമാറിയ സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് വിദ്യാർഥികൾ മൂന്നുദിവസമായി സമരരംഗത്തായിരുന്നു.
എന്നാൽ, നടപടിയുണ്ടാകാത്തതിനെ തുടർന്ന് വൈസ് ചാൻസലറെ കാണണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ശനിയാഴ്ച രാത്രി അദ്ദേഹത്തിെൻറ വസതിയിലെത്തിയതോടെയാണ് സംഘർഷമുണ്ടായത്. സുരക്ഷ ഉദ്യോഗസ്ഥർ ഇവരെ തടയുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിനെ തുടർന്ന് പെൺകുട്ടികളടക്കമുള്ള വിദ്യാർഥികൾക്കും രണ്ട് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. സ്ഥിതി നിയന്ത്രിക്കാൻ കാമ്പസിന് ചുറ്റും 1500ഒാളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഹോസ്റ്റലിലേക്ക് മടങ്ങിയ പെൺകുട്ടിക്ക് നേരെ കാമ്പസിനുള്ളിൽവെച്ച് മൂന്നംഗസംഘത്തിെൻറ അതിക്രമമുണ്ടായത്. പെൺകുട്ടി സഹായത്തിന് അഭ്യർഥിച്ചെങ്കിലും 100 മീറ്റർ അകലെയുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥൻ ഗൗനിച്ചില്ല. വിവരം ഹോസ്റ്റൽ വാർഡനോട് പറഞ്ഞെങ്കിലും ‘‘എന്തുകൊണ്ടാണ് ഹോസ്റ്റലിൽ വൈകിയെത്തിയത്’’ എന്നാണ് േചാദിച്ചത്. ഇതേതുടർന്ന് വിദ്യാർഥികൾ വ്യാഴാഴ്ച രാത്രിമുതൽ കാമ്പസ് ഗേറ്റിന് മുന്നിൽ സമരം തുടങ്ങുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ അധ്യാപകരടക്കം ശ്രമം നടത്തിയെങ്കിലും പ്രതിഷേധവുമായി മുന്നോട്ടുപോവുകയായിരുന്നു.
ലാത്തിച്ചാർജ് വിഷയം രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുത്തതോടെയാണ് ഡിവിഷനൽ കമീഷണറോട് മുഖ്യമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. കേന്ദ്രസർക്കാറിെൻറ ‘പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകു, അവരെ രക്ഷിക്കൂ’ എന്ന പദ്ധതിയുടെ ബി.ജെ.പി പതിപ്പാണിതെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇതോടൊപ്പം, വിദ്യാർഥിയെ പൊലീസ് മർദിക്കുന്ന വിഡിയോയും രാഹുൽ പോസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയോടെ വാഴ്സിറ്റിയിലേക്കു പുറപ്പെട്ട കോൺഗ്രസ് നേതാക്കളായ രാജ് ബബ്ബാർ, പി.എൽ പൂനിയ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി സന്ദർശിക്കാനിരിക്കെ കോളജിലുണ്ടായ അക്രമങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് സർവകലാശാല പുറത്തിറക്കിയ വാർത്താകുറിപ്പിൽ ആേരാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.