ന്യൂഡൽഹി: പുതിയ പാർലമെൻറ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 10ന് തറക്കല്ലിടും. 971 കോടി രൂപ ചെലവു കണക്കാക്കുന്ന നിർമാണം, സ്വാതന്ത്ര്യത്തിെൻറ പ്ലാറ്റിനം ജൂബിലി വർഷമായ 2022ൽ പൂർത്തിയാക്കുമെന്ന് ലോക്സഭ സ്പീക്കർ ഓംബിർല അറിയിച്ചു.
സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികത്തിൽ പുതിയ മന്ദിരത്തിൽ പാർലമെൻറിന് സമ്മേളിക്കാനാവുമെന്ന് സ്പീക്കർ പറഞ്ഞു. 1,224 എം.പിമാർക്കുള്ള ഇരിപ്പിട സൗകര്യങ്ങളാണ് ഒരുക്കുന്നത്. 543 അംഗ ലോക്സഭയാണ് ഇപ്പോഴുള്ളതെങ്കിൽ പുതിയ ലോക്സഭക്ക് 888 പേരെ ഉൾക്കൊള്ളാനാവും. 245 അംഗ രാജ്യസഭക്ക് പുതിയ സൗകര്യത്തിൽ 384 പേരെ ഇരുത്താനാവും. രണ്ടു സഭകളിലും അംഗസംഖ്യയിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വർധന മുൻനിർത്തിയാണിത്. രാജ്യത്തിെൻറ സാംസ്ക്കാരിക വൈവിധ്യം എടുത്തുകാട്ടുന്നതാവും പുതിയ നിർമാണം. ഇപ്പോഴത്തെ പാർലെമൻറ് മന്ദിരത്തിെൻറ രൂപഭംഗി നിലനിർത്താൻ ശ്രമിക്കും. 64,500 ചതുരശ്ര മീറ്ററാണ് വിസ്തൃതി. പുതിയ പാർലമെൻറ് മന്ദിരം ഇന്ത്യൻ ജനതതന്നെ നിർമിക്കുന്നത് 'ആത്മനിർഭർ ഭാരത്' എന്ന മുദ്രാവാക്യത്തിെൻറ മികച്ച പ്രതീകമാവുമെന്ന് സ്പീക്കർ വിശദീകരിച്ചു.
ബ്രിട്ടീഷ് കാലത്ത് എഡ്വിൻ ല്യൂട്ടൻസും ഹെർബർട്ട് ബേക്കറും രൂപകൽപന ചെയ്ത ഇപ്പോഴത്തെ, 100 വയസ്സായ പാർലെമൻറ് മന്ദിരം പുരാവസ്തു സമ്പത്തായി സംരക്ഷിക്കും. 1921 ഫെബ്രുവരി ഒന്നിന് തറക്കല്ലിട്ട ഇപ്പോഴത്തെ പാർലമെൻറ് മന്ദിരം ആറു വർഷം കൊണ്ട് 83 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത്. 560 അടി വ്യാസം വരുന്ന വൃത്താകൃതിയിലുള്ള കെട്ടിടം അന്നത്തെ ഗവർണർ ജനറൽ ലോർഡ് ഇർവിൻ 1927 ഫെബ്രുവരി 18ന് തുറന്നു.
നിലവിലെ പാർലമെൻറിനോടു ചേർന്ന് ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡാണ് പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നത്. നിർമാണ പ്രവർത്തനങ്ങളിൽ 2,000 പേർ നേരിട്ടും 9,000 പേർ അല്ലാതെയും പങ്കെടുക്കുന്നുണ്ട്. ഭൂകമ്പം പ്രതിരോധിക്കാനുള്ള സാങ്കേതിക സംവിധാനങ്ങളോടെയാണ് നിർമാണം. ബേസ്മെൻറ്, ഗ്രൗണ്ട്, ഒന്ന്, രണ്ട് നിലകൾ എന്നിങ്ങനെ നാലു നിലകളിൽ പണിയുന്ന പുതിയ മന്ദിരത്തിന് പഴയതിെൻറ അത്രതന്നെയാണ് ഉയരം.
ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ എം.പിമാർക്കുമായി പുതിയ ഓഫിസ് സമുച്ചയം തൊഴിൽ മന്ത്രാലയം സ്ഥിതി ചെയ്യുന്ന ശ്രമശക്തി ഭവെൻറ സ്ഥാനത്ത് നിർമിക്കും. പുതിയ കെട്ടിടത്തിൽ ജനാധിപത്യ പാരമ്പര്യം വിളിച്ചോതുന്ന വിപുലമായ കോൺസ്റ്റിറ്റ്യൂഷൻ ഹാൾ, എം.പിമാർക്കായി പ്രത്യേക ലോഞ്ച്, ലൈബ്രറി, കമ്മിറ്റി ചേരാനുള്ള മുറികൾ, മതിയായ ഭക്ഷണ, പാർക്കിങ് സൗകര്യങ്ങൾ എന്നിവ ഉണ്ടാകും. കടലാസ് രഹിതമായി പ്രവർത്തിക്കത്തക്ക വിധം മികച്ച സാങ്കേതിക സംവിധാനം ഒരുക്കും.
ഉച്ചക്ക് ഒന്നിന് നടക്കുന്ന തറക്കല്ലിടൽ ചടങ്ങിലേക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും കുറെപ്പേർക്കെങ്കിലും വിഡിയോ കോൺഫറൻസിലൂടെ മാത്രമേ പങ്കെടുക്കാനാവൂ എന്ന് സ്പീക്കർ പറഞ്ഞു.
കോവിഡ് കാലത്ത് മുൻഗണനകൾ മാറ്റിമറിച്ച് ചരിത്രത്തിൽ സ്ഥാനം നേടാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്നതെന്ന വിമർശനം ബാക്കിനിൽക്കേയാണ് നിർമാണ പ്രവർത്തനങ്ങളിലേക്ക് സർക്കാർ കടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.