ഭോപാൽ: മധ്യപ്രദേശിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ ആശുപത്രിയിലെ ഓക്സിജൻ സംഭരണ മുറി കൊള്ളയടിച്ച് ജനങ്ങൾ. ദാമോ ജില്ല ആശുപത്രിയിൽനിന്ന് ആളുകൾ സിലിണ്ടറുകളുമായി പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. മധ്യപ്രദേശിലെ പ്രധാന കോവിഡ് ആശുപത്രികളിലൊന്നാണ് ദാമോ ജില്ല ആശുപത്രി. അത്യാസന്ന നിലയിലെത്തുന്ന രോഗികൾക്ക് നൽകാനായി ഇവിടെ സൂക്ഷിച്ചിരുന്ന ഓക്സിജൻ സിലിണ്ടറുകൾ ജനങ്ങൾ തോളിലേറ്റിപോകുകയായിരുന്നു. ഓക്സിജൻ സിലിണ്ടറുകൾ മോഷണം പോയതോടെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ജോലി തടസപ്പെട്ടു. ആശുപത്രി കാമ്പസിൽ െപാലീസ് തമ്പടിച്ചതിന് ശേഷമാണ് ജീവനക്കാർ ജോലി പുനരാരംഭിച്ചത്.
തിങ്കളാഴ്ചയും സമാന സംഭവം ആശുപത്രിയിൽ അരങ്ങേറിയിരുന്നു. പൊലീസിൽ വിവരം അറിയിച്ചെങ്കിലും ആർക്കെതിരെയും കേസെടുത്തിട്ടില്ല. 'തിങ്കളാഴ്ചയിലെ സംഭവത്തിന് ശേഷം പൊലീസിനെയും ജില്ല ഭരണകൂടത്തെയും വിവരം അറിയിച്ചിരുന്നു. െചാവ്വാഴ്ച വീണ്ടും സംഭവം ആവർത്തിച്ചു. പൊലീസിനെ വീണ്ടും വിവരം അറിയിച്ചിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും ജോലി ചെയ്യാൻ പ്രയാസകരമാകും' -ദാമോ ജില്ല ആശുപത്രി സിവിൽ സർജൻ ഡോ. മമ്ത തിമോത്തി പറഞ്ഞു.
ജോലി നിർത്തിവെക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മാനുഷിക പരിഗണനയെ തുടർന്ന് പുനരാരംഭിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
കൊള്ളയടിച്ച സിലിണ്ടറുകൾ തിരികെയെത്തിക്കാൻ നടപടി സ്വീകരിച്ചതായും എന്നാൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജില്ല കലക്ടർ തരുൺ രതി അറിയിച്ചു.
ചൊവ്വാഴ്ച സംസ്ഥാനത്ത് ഓക്സിൻ ദൗർലഭ്യമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. 390 മെട്രിക് ടൺ ഓക്സിജൻ സിലിണ്ടർ ലഭ്യമായിരുന്നുവെന്നും എന്നാൽ 374 മെട്രിക് ടൺ മാത്രമാണ് ആവശ്യമായി വന്നതെന്നുമായിരുന്നു പ്രതികരണം. ദാമോയിൽ ചൊവ്വാഴ്ച 85 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 4162 ആയി. 98 േപർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.