ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് 195 സ്ഥാനാർഥികളുടെ പ്രഥമ പട്ടികയുമായി ബി.ജെ.പി. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗാന്ധി നഗറിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മത്സരിക്കും. കേരളം അടക്കം 16 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി കിടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളിൽ 34 കേന്ദ്ര മന്ത്രിമാരും മൂന്ന് മുൻ മുഖ്യമന്ത്രിമാരും ലോക്സഭ സ്പീക്കറും ഉൾപ്പെടും. വി.ഐ.പി മണ്ഡലങ്ങൾക്കൊപ്പം ബി.ജെ.പി തോൽവിയേറ്റുവാങ്ങിയ മണ്ഡലങ്ങളും കലർത്തിയാണ് ആദ്യ പട്ടിക ശനിയാഴ്ച പാർട്ടി പുറത്തുവിട്ടത്.
മോദിയുടെ തുടർച്ചയായ മൂന്നാമത്തെ ലോക്സഭ അങ്കമാണ് വാരാണസിയിലേത്. മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി തൂത്തുവാരിയ ശേഷവും മുഖ്യമന്ത്രിയാക്കാതിരുന്ന ശിവരാജ് സിങ് ചൗഹാൻ വിദിഷയിലും കേന്ദ്ര മന്ത്രി ഫഗ്ഗൻ സിങ് കുലസ്തെ മണ്ഡലയിലും രാജസ്ഥാനിലെ കോട്ടയിൽ ലോക്സഭ സ്പീക്കർ ഓം ബിർളയും മത്സരിക്കും. മുൻ അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ അസമിലെ ദിബ്രുഗഡിലും മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ളവ് ദേവ് ത്രിപുര വെസ്റ്റിലും സ്ഥാനാർഥികളാണ്.
ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ് ലഖ്നോവിലും സ്മൃതി ഇറാനി അമേത്തിയിലും തുടരും. പുതുതായി സഖ്യത്തിൽ ചേർന്ന രാഷ്ട്രീയ ലോക്ദൾ ആവശ്യപ്പെട്ടിരുന്ന മഥുരയിൽ ബി.ജെ.പി ഹേമമാലിനിയെ സ്ഥാനാർഥിയാക്കി. രാജ്യസഭാംഗങ്ങളായ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗുണയിലും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഗുജറാത്തിലെ പോർബന്തറിലും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.