ബംഗളൂരു: മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്രക്ക് കോടതി അനുവാദം നൽകിയിട്ടും ബംഗളൂരു പൊലീസ് സുരക്ഷാ അനുമതി വൈകിച്ചതോടെ വ്യാഴാഴ്ച യാത്ര മുടങ്ങി. ഇതുമൂലം വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് യാത്രതിരിക്കാനാവുക. യാത്രയില്‍ മഅ്ദനിയെ അനുഗമിക്കാനുള്ള സെക്യൂരിറ്റി സംവിധാനം രാത്രി വളരെ വൈകിയാണ് ലഭിച്ചത്. ഇതാണ് യാത്ര വൈകാൻ കാരണം.സമയം ലാഭിക്കാൻ വിമാനമാര്‍ഗമുള്ള യാത്രക്ക് ശ്രമിച്ചെങ്കിലും അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൈവശമുള്ള ആയുധങ്ങള്‍ കൊണ്ടുപോകുമ്പോഴുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍മൂലം യാത്ര ഇനിയും വൈകാന്‍ സാധ്യത ഉള്ളതിനാലാണ് യാത്ര വാഹനത്തിലാക്കിയത്.
അദ്ദേഹം താമസിക്കുന്ന ബെന്‍സണ്‍ ടൗണിലെ വസതിയില്‍നിന്നാണ് യാത്ര തിരിക്കുക. സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂര്‍ വഴി കരുനാഗപ്പള്ളിയിലെത്തും. കൂടെ ഭാര്യ സൂഫിയ മഅ്ദനി, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സെക്രട്ടറിമാരായ സലിബാബു, നൗഷാദ് തിക്കോടി എന്നിവര്‍ അനുഗമിക്കും. കര്‍ണാടക പൊലീസിലെ ഇൻസ്െപക്ടര്മാരടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ മഅ്ദനിക്ക് സുരക്ഷ നല്‍കും. നേരത്തേതന്നെ യാത്രാവിവരങ്ങൾ സംബന്ധിച്ച രേഖകൾ സമർപ്പിച്ചിട്ടും വ്യാഴാഴ്ച സുരക്ഷ ഉദ്യോഗസ്ഥരെ അയക്കാനാവില്ലെന്ന നിലപാടിലായിരുന്നു ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ടി. സുനിൽകുമാർ.
ബംഗളൂരു സ്ഫോടനക്കേസിൽ കുറ്റം ചുമത്തപ്പെട്ട പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി സുപ്രീംകോടതി നൽകിയ ജാമ്യത്തിൽ കഴിയുകയാണ്. രോഗിയായ ഉമ്മ അസ്മാബീവിയെ സന്ദർശിക്കാൻ ഏപ്രിൽ 27 മുതൽ മേയ് 12 വരെ ജാമ്യവ്യവസ്ഥയിൽ ഇളവുതേടി എൻ.െഎ.എ പ്രത്യേക കോടതിയിൽ കഴിഞ്ഞ 23ന് ഹരജി നൽകിയിരുന്നു. പ്രോസിക്യൂഷൻ നടപടികൾ വൈകിയതോടെ മേയ് മൂന്നുമുതൽ 11 വരെ സ്വന്തം ചെലവിൽ പോകാൻ ബുധനാഴ്ചയാണ് കോടതി അനുമതി നൽകിയത്. കോടതി ഉത്തരവ് നേരിട്ട് സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ചിട്ടും യാത്രക്കുവേണ്ട സുരക്ഷാക്രമീകരണങ്ങൾ സംബന്ധിച്ച് നടപടികളൊന്നുമെടുക്കാതെ ഒരു ദിവസം ൈവകിപ്പിക്കുകയായിരുന്നു.
1.16 ലക്ഷം രൂപയാണ് മഅ്ദനിക്ക് അകമ്പടിയായി പോകുന്ന ആറു പൊലീസുകാർക്കും മറ്റും ആറുദിവസത്തേക്ക് ചെലവിലേക്കായി മഅ്ദനി മുൻകൂറായി കെട്ടിവെച്ചത്. തിരിച്ചെത്തിയശേഷമേ മുഴുവൻ ചെലവു കണക്കാക്കൂ. ആറു പൊലീസ് ഉദ്യോഗസ്ഥരെയും ഒരു വാഹനവുമാണ് വിട്ടുനൽകുക. വാഹനത്തിന് ഒരു കിലോമീറ്ററിന് 60 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. 81,000 രൂപയോളം വാഹനത്തിന് മാത്രമായി വരുന്ന ചെലവാണ്. കഴിഞ്ഞതവണ സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരം മകെൻറ വിവാഹത്തിനും ഉമ്മയെ സന്ദർശിക്കുന്നതിനുമായി കേരളത്തിലേക്ക് പോയപ്പോൾ കിലോമീറ്ററിന് 10 രൂപയായിരുന്നു പൊലീസ് വാഹനത്തിന് കണക്കാക്കിയ ചെലവ്. ഇത്തവണ സർക്കാർ നിരക്ക് വർധിപ്പിച്ചെന്നാണ് കമീഷണറുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.