ബെതുൽ: മധ്യപ്രദേശിലെ ബെതുൽ ജില്ലയിൽ പട്ടികജാതിക്കാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം ജീവനോടെ കുഴിച്ചിട്ടു. 13 കാരിയാണ് അതിക്രമത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. 35 കാരനായ പ്രതിയെ അറസ്റ്റുചെയ്തിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള പെൺകുട്ടിയെ അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോഥഡോംഗ്രി പോലീസ് സ്റ്റേഷൻപരിധിയിലെ ഗ്രാമത്തിലാണ് കൊടും ക്രൂരത അരങ്ങേറിയത്.
ഗ്രാമത്തിലെ ഫാമിൽ മോട്ടോർ സ്വിച്ച് ഓഫ് ചെയ്യാൻ പെൺകുട്ടി ഒറ്റയ്ക്ക് പോയപ്പോഴാണ് പ്രതി ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് ബെതുൽ പോലീസ് സൂപ്രണ്ട് സിമാല പ്രസാദ് പറഞ്ഞു. കുറ്റകൃത്യം മറച്ചുവെക്കാനായി പ്രതി പെൺകുട്ടിയെ അഴുക്കുചാലിലൂടെ വലിച്ചിഴച്ച് സമീപത്തെ കുഴിയിൽ ഇട്ടു. തുടർന്ന് കല്ലുകൾ ഉപയോഗിച്ചും മുള്ളുനിറഞ്ഞ കുറ്റിച്ചെടികൾകൊണ്ടും കുഴി മൂടുകയായിരുന്നു. പെൺകുട്ടി വീട്ടിൽ തിരിച്ചെത്താതിരുന്നപ്പോൾ മാതാപിതാക്കളും സഹോദരിയും അവളെ തിരഞ്ഞിറങ്ങി. കുഴിക്ക് സമീപം എത്തിയപ്പോൾ വേദനകൊണ്ട് കരയുന്ന പെൺകുട്ടിയുടെ ശബ്ദം കേൾക്കുകയായിരുന്നെന്ന് സഹോദരി പറഞ്ഞു. കുറ്റിക്കാടുകളും കല്ലുകളും നീക്കം ചെയ്താണ് കുട്ടിയെ പുറത്തെടുത്തത്.
ഇരയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി, പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.