ചെന്നൈ: വിവാഹമോചനം നേടിയ പങ്കാളി കുട്ടികളെ സന്ദർശിക്കാൻ എത്തുമ്പോൾ ചായയും പലഹാരവും നൽകണമെന്നും അയാളോടൊപ്പം ഭക്ഷണം കഴിക്കണമെന്നുമുള്ള സിംഗിൾ ബെഞ്ച് വിധി റദ്ദാക്കി മദ്രാസ് ഹൈകോടതി. ജസ്റ്റിസ് പരേഷ് ഉപാധ്യായ്, ഡി. ഭരത ചക്രവർത്തി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.
സന്ദർശനാവകാശം സംബന്ധിച്ച വിഷയം തീരുമാനിക്കുമ്പോൾ സിംഗിൾ ബെഞ്ച് ജഡ്ജി പക്ഷപാതം കാണിച്ചുവെന്ന് ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു. കക്ഷികളുടെ പെരുമാറ്റം എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് സംസാരിച്ചത് അനാവശ്യമായിരുന്നുവെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
കക്ഷികളുടെ അവകാശങ്ങൾ തീരുമാനിക്കുന്നതിനോ പരാതികൾ പരിഹരിക്കുന്നതിനോ കക്ഷികൾ നേരിട്ടു കാണുമ്പോൾ എങ്ങനെ പെരുമാറണം എന്നതുപോലുള്ള നിരീക്ഷണങ്ങൾ പ്രസക്തമല്ല, അതിനാൽ അത് റദ്ദാക്കുന്നുവെന്ന് ഡിവിഷൻ ബെഞ്ച് അറിയിച്ചു.
ജൂലൈ 13 നാണ് മദ്രാസ് ഹൈകോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമി വിവദ പരാമർശം നടത്തിയത്. ചെന്നൈ സ്വദേശിയായ വിവാഹമോചനം നേടിയ ഭര്‍ത്താവ് മകളെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിവാദ നിരീക്ഷണം.
ചെന്നൈയിലെ ഫ്ലാറ്റില്‍ അമ്മയോടൊപ്പം കഴിയുന്ന മകളെ ആഴ്ചയില്‍ രണ്ടുദിവസം സന്ദര്‍ശിക്കാന്‍ അതേ ഫ്ലാറ്റിൽ മറ്റൊരു ഭാഗത്ത് താമസിക്കുന്ന അച്ഛന് കോടതി അനുമതി നല്‍കിയിരുന്നു. അച്ഛന്‍ കാണാനെത്തുമ്പോള്‍ ചായയും ഭക്ഷണവും നല്‍കണമെന്നും മകളോടൊപ്പം ഇരുവരും അത് കഴിക്കണമെന്നും ബാങ്കുദ്യോഗസ്ഥയായ അമ്മയോട് കോടതി നിര്‍ദേശിച്ചു. പത്തുവയസ്സുമാത്രമുള്ള മകളുടെ മുന്നില്‍വെച്ച് മോശമായി പെരുമാറിയാല്‍ കര്‍ശനനടപടി നേരിടേണ്ടിവരുമെന്ന് ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ബന്ധം വേര്‍പെടുത്തിയയാളോട് സ്‌നേഹത്തോടെ പെരുമാറാന്‍ പറ്റിയില്ലെങ്കിലും അയാളെ അതിഥിയായി പരിഗണിക്കാനാകണം. അതിഥി ദേവോ ഭവ എന്ന സങ്കല്പമനുസരിച്ച് അയാളോട് നന്നായി പെരുമാറണം -കോടതി വ്യക്തമാക്കി.
മകളെ കാണാൻ അനുമതിക്കായാണ് മുൻ ഭർത്താവ് കോടതിയെ സമീപിച്ചതെന്നും ജഡ്ജിയുടെ ഉത്തരവിൽ പറയുന്ന ആവശ്യങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ അപ്പീൽ നൽകിയത്.
താൻ ഇപ്പോൾ ചെന്നൈ വിട്ട് പുതിയ ജോലിക്കായി ഗുരുഗ്രാമിലേക്ക് മാറുകയാണെന്നും അവർ കോടതിയെ അറിയിച്ചു. 2017ൽ വേർപിരിഞ്ഞതുമുതൽ യുവതിയോടൊപ്പം താമസിക്കുന്ന ദമ്പതികളുടെ മകളെയും ആ നഗരത്തിലെ പുതിയ സ്‌കൂളിൽ ചേർത്തിട്ടുണ്ടെന്ന് ഹരജിക്കാരിയായ യുവതി പറഞ്ഞു.
ഉത്തവരിൽ ജഡ്ജി നടത്തിയ ചില നിരീക്ഷണങ്ങളോടാണ് യുവതിയുടെ പരാതിയെന്നതിനാൽ മകളെ കാണാനുള്ള അനുമതി തടയരുതെന്ന് ഭർത്താവ് വാദിച്ചു.
സ്ത്രീയും കുട്ടിയും ഗുരുഗ്രാമിലേക്ക് മാറുന്നതിനാൽ ഭർത്താവിന് കുട്ടിയെ കാണണമെങ്കിൽ മുൻകൂട്ടി അറിയിച്ചശേഷം ഗുരുഗ്രാമിലേക്ക് പോകാനുള്ള അവസരത്തെ കുറിച്ച് ചിന്തിക്കാമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.