മുംബൈ: കോവിഡ് കേസുകൾ അനിയന്ത്രിതമായി വർധിക്കുന്നതിനാലും വരാനിരിക്കുന്ന ഉത്സവങ്ങളും കണക്കിലെടുത്ത് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗണിന് നിർദേശിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ദുരന്തനിവാരണ മന്ത്രി വിജയ് വാഡെറ്റിവാർ പറഞ്ഞു. വൈറസിന്‍റെ ശൃംഖല തകർക്കുന്നതിൽ ലോക്ഡൗൺ നിർണായകമാണ്.
കഴിഞ്ഞദിവസം ഓൺലൈനിൽ ചേർന്ന യോഗത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നിർദേശിച്ചതായി വിജയ് വഡെറ്റിവാർ പറഞ്ഞു. ശനിയാഴ്ച നടക്കുന്ന സർവകക്ഷി യോഗത്തിൽ ലോക്ഡൗൺ സംബന്ധിച്ച് അന്തിമ തീരുമാനം മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് എടുക്കേണ്ടത്.
എല്ലാ ദിവസവും 50,000 മുതൽ 60,000 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 5.31 ലക്ഷം സജീവ കേസുകളുണ്ട്. വ്യാപനം ഇതുപോലെ തുടരുകയാണെങ്കിൽ ഉടൻ തന്നെ 10 ലക്ഷത്തിലധികം സജീവ കേസുകൾ ഉണ്ടാകും. അതിനാലാണ് മൂന്നാഴ്ചയെങ്കിലും കർശനമായി അടച്ചിടാൻ നിർദേശിക്കുന്നത് - മന്ത്രി പറഞ്ഞു.
നിലവിൽ വാരാന്ത്യങ്ങളിൽ ലോക്ഡൗൺ ഉണ്ടെങ്കിലും പച്ചക്കറി മാർക്കറ്റുകളിലടക്കം നിരവധി പേരാണ് എത്തുന്നത്. വീടുകളിൽ പച്ചക്കറികളും പലചരക്ക് സാധനങ്ങളും വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കണം. നാളത്തെ യോഗത്തിൽ മുഖ്യമന്ത്രി തന്‍റെ അഭിപ്രായത്തോട് യോജിക്കുമെന്നാണ് പ്രതീക്ഷ -വിജയ് വാഡെറ്റിവാർ കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. വ്യാഴാഴ്ച സംസ്ഥാനത്ത് 56,286 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 376 പേർ മരിച്ചു. ഇതോടെ ആകെ മരണം 57,028 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.