ന്യൂഡൽഹി: ആറു പ്രമുഖ വിമാനത്താവളങ്ങളുടെ നടത്തിപ്പ് വിട്ടുകൊടുത്തതിനു പുറമെ, രാജ്യത്തെ നല്ലൊരു പങ്ക് കൽക്കരി ഖനികളും അദാനി ഗ്രൂപ്പിെൻറ കൈകളിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്ത വ്യവസായി സുഹൃത്തും ഗുജറാത്തുകാരനുമായ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനാണ് വിഴിഞ്ഞം തുറമുഖത്തിെൻറയും മറ്റും വികസന ചുമതല.
വാണിജ്യാടിസ്ഥാനത്തിലുള്ള കൽക്കരി ഖനനം സ്വകാര്യമേഖലക്ക് തുറന്നു കൊടുത്ത് കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്നത് ഇക്കൊല്ലമാണ്. അതനുസരിച്ചുള്ള ലേല നടപടികൾ അന്തിമ ഘട്ടത്തിൽ എത്തിയപ്പോൾ വിവിധ സംസ്ഥാനങ്ങളിലെ 19 പ്രധാന ഖനികളിൽ 12ലും അദാനി ഗ്രൂപ്പാണ് മുൻനിരയിൽ. പണഞെരുക്കത്തിെൻറ കോവിഡ് കാലത്ത് വൻകിട ആഭ്യന്തര, ആഗോള വ്യവസായികൾ പലതും ലേലനടപടികളിൽ പങ്കെടുക്കുന്നുമില്ല.
അദാനി ഗ്രൂപ്പിന് രാജ്യത്ത് നാലു താപ വൈദ്യുതി നിലയങ്ങളുണ്ട്. മൂന്നെണ്ണം കൂടി വരാൻ പോകുന്നു. കൽക്കരി ഖനനത്തിലും അദാനി പ്രത്യേക താൽപര്യം കാണിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ആസ്ത്രേലിയയിൽ കൽക്കരി ഖനനം നടത്തി ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ പലവട്ടം നടന്നെങ്കിലും അവിടത്തെ പാരിസ്ഥിതിക എതിർപ്പു മൂലം പിൻവാങ്ങേണ്ടി വന്നിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾക്കാണ് കൽക്കരി ഖനനം അനുവദിച്ചിരുന്നതെങ്കിലും ഉപകരാർ വഴി ഒമ്പതു ഖനികളിലെ ഖനന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് അദാനി ഗ്രൂപ്പാണ്.
നേരിട്ടുള്ള ഖനനാവസരം ഉപയോഗപ്പെടുത്തുകയാണ് ലേലനടപടികളിലൂടെ ചെയ്യുന്നത്. ഇേപ്പാൾ നടന്നു വരുന്ന ഇ-ലേല നടപടി ഈ മാസം ഒമ്പതിനു പൂർത്തിയാവുകയും 11ന് വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും. ആദിത്യ ബിർല ഗ്രൂപ്, ജെ.എം.എസ് മൈനിങ്, ജിൻഡാൽ ഗ്രൂപ് എന്നിവയും ലേലത്തിനുണ്ട്. അവർ അഞ്ചിൽ താഴെ ഖനികളുടെ ലേലത്തിൽ മാത്രമാണ് പങ്കെടുക്കുന്നത്. കോവിഡ് മഹാമാരിക്കിടയിൽ നടക്കുന്ന തണുപ്പൻ ലേല നടപടികൾ ചുളുവിലയ്ക്ക് കൽക്കരി ഖനനം സ്വകാര്യ മേഖലയുടെ കൈകളിലേക്ക് എത്തുന്നതിന് വഴിയൊരുക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
38 ഖനികൾ ലേലത്തിന് വെച്ചെങ്കിലും 23നു മാത്രമാണ് താൽപര്യക്കാർ എത്തിയത്. അതിൽതന്നെ നാലെണ്ണത്തിൽ താൽപര്യം ഒരു കമ്പനിക്കു മാത്രം. പങ്കാളിത്തം കുറഞ്ഞത് ലേലത്തുകയും മത്സരവും കുറയുന്ന സ്ഥിതി ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി നേരത്തേ ഝാർഖണ്ഡ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.