'കുറഞ്ഞത് അഞ്ച് രോഗികളെങ്കിലും ദിവസവും ഗുരുതരാവസ്ഥയിൽ ഇവിടെ വരുന്നുണ്ട്. അതിൽ രണ്ടുമൂന്നു പേർ കൺമുന്നിൽ മരിക്കുന്നുമുണ്ട്. വീടിനുള്ളില്‍ ഇരിക്കാന്‍ കഴിയുക എന്നത് ഇപ്പോൾ ഒരു അനുഗ്രഹമാണ്. ദയവുചെയ്ത് അത് മനസ്സിലാക്കൂ' -ഡൽഹിൽ ജോലി ചെയ്യുന്ന മലയാളി ഡോക്ടറുടെ കുറിപ്പാണിത്. ഡോ. സാന്ദ്ര സെബാസ്റ്റ്യൻ ആണ് താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഹൃദയഭേദകമായ അനുഭവങ്ങള്‍ തുറന്നെഴുതിയത്. 'ഹ്യൂമന്‍സ് ഓഫ് ബോംബെ'യുടെ ഫേസ്ബുക്ക് പേജിലും ഇൻസ്റ്റഗ്രാമിലും എഴുതിയ കുറിപ്പ് വൈറലാണിപ്പോൾ. 'ഹൃദയഭേദകമായ കുറിപ്പ്' എന്ന കാപ്ഷനോടെ ബോളിവുഡ് താരം അഭിഷേക് ബച്ചനും ഈ കുറിപ്പ് പങ്കുവെച്ചു. ദയവായി ശ്രദ്ധിക്കൂ, ഉത്തരവാദിത്തം കാട്ടൂയെന്നും അദ്ദേഹം കുറിച്ചു.
കൊറോണയുടെ രണ്ടാം തരംഗത്തിൽ കോവിഡ് പോരാളികൾ വരെ മാനസികമായി തളർന്നുതുടങ്ങിയിരിക്കുന്നു എന്ന സൂചനയാണ് ആരോഗ്യപ്രവർത്തകരുടെ കുറിപ്പുകൾ നൽകുന്നത്. ആളുകള്‍ സ്വയം കരുതിയില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകുമെന്ന മുന്നറിയിപ്പാവുകയാണ് ഈ കുറിപ്പുകൾ.
'ഞാനൊരു ഒന്നാം വർഷ റെസിഡന്‍റ് ഡോക്ടറാണ്. എന്‍റെ സേവനത്തിനിടയിൽ ഞാൻ ആദ്യം സാക്ഷ്യം വഹിച്ച മരണം നടന്നത് 2021 മാർച്ച് 30നാണ്- തലേ രാത്രി ഐ.സി.യുവിൽ പ്രവേശിപ്പിച്ച ഒരു കോവിഡ് രോഗിയുടെ. അയാളുടെ നില അതിഗുരുതരമായിരുന്നു. നാല്‍പതുകള്‍ മാത്രമായിരുന്നു പ്രായമെന്നതിനാൽ അയാൾ രക്ഷപ്പെടുമെന്നാണ് ഞാന്‍ കരുതിയത്. എന്നാൽ, പിറ്റേന്ന് അയാൾ മരണത്തിന് കീഴടങ്ങി-ഞാൻ വിതുമ്പിപ്പോയി.
തീവ്രരോഗപരിചരണ വിഭാഗത്തില്‍ ഞാന്‍ ജോലി ചെയ്തു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. സീനിയർമാർ എന്നെ ഇങ്ങനെ പറഞ്ഞ് ആശ്വസിപ്പിച്ചു- '2020 ഇതിലും മോശമായിരുന്നു'. പക്ഷേ, 2021, 2020നെ ഇക്കാര്യത്തിൽ തോൽപ്പിക്കാൻ അധിക സമയം വേണ്ടി വരില്ല. ഇപ്പോൾ ദിവസവും കുറഞ്ഞത് അഞ്ച് രോഗികളെങ്കിലും ഐ.സി.യുവിൽ എത്തുന്നുണ്ട്. അവരിൽ രണ്ടും മൂന്നും പേർ ദിവസവും മരിക്കുന്നുമുണ്ട്.
ഏപ്രില്‍ ആദ്യവാരം ഒരു 22കാരനെ കൊറോണ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ അഡ്മിറ്റാക്കി. അയാൾ ഗുരുതരാവസ്ഥയിലായിരുന്നതിനാൽ എമർജൻസി വാർഡിേലക്ക് മാറ്റി. നാല് ദിവസം അയാള്‍ അവിടെ കിടന്നു, അയാൾ ബോധത്തിലേക്ക് തിരിച്ചുവരുന്നത് ഞാൻ കണ്ടതേയില്ല. അയാള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് എനിക്ക് അറിയാമായിരുന്നു.
എല്ലാ ദിവസവും അയാളുടെ അമ്പതുകള്‍ കഴിഞ്ഞ മാതാപിതാക്കള്‍ എന്നോട് ചോദിച്ചിരുന്നു-ഞങ്ങൾ മകന് പഴങ്ങളും പച്ചക്കറികളും കഴിക്കാന്‍ കൊടുത്താൽ അവൻ രക്ഷപ്പെടുമോ എന്ന്. പിന്നീട് അവര്‍ സ്വയം തിരുത്തും-'പ്രാർഥിച്ചാല്‍ അത്ഭുതങ്ങള്‍ നടക്കും, അവന്‍ ഒരിക്കലും ഞങ്ങളെ ഒറ്റയ്ക്കാക്കി പോകില്ല'. പക്ഷേ, നാലാം ദിനം അയാള്‍ മരിച്ചു. അത് അയാളുടെ മാതാപിതാക്കളിൽ ഏൽപ്പിച്ച ആഘാതം കണ്ട് ഞാനും തകർന്നുപോയി. അവർ അലമുറയിട്ടു കരഞ്ഞു, ഞാന്‍ മരിച്ചതുപോലെ ആയി അപ്പോള്‍. അന്നുമുതല്‍ ഞാന്‍ ഒരുകാര്യം തീരുമാനിച്ചു. രോഗികളുടെ കുടുംബാംഗങ്ങളോട് ശരിക്കുള്ള അവസ്ഥ പറയുന്നതാണ് നല്ലത്. ആരെങ്കിലും ഗുരുതരാവസ്ഥയിൽ ആണെങ്കിൽ കുടുംബാംഗങ്ങളോട് ഹൃദയമിടിപ്പ് കുറയുകയാണ് തുടങ്ങിയ കാര്യങ്ങൾ തുറന്നുപറയാൻ തുടങ്ങി. അവർക്ക് തെറ്റായ പ്രതീക്ഷകൾ നൽകേണ്ടതില്ലല്ലോ.
ഇപ്പോള്‍ എന്‍റെ രോഗികളോട് നുണ പറയാനും ഞാന്‍ പഠിച്ചു. 'രക്ഷപ്പെടുമോ' എന്ന് അവർ ചോദിക്കുേമ്പാൾ, അവര്‍ മരിക്കുമെന്ന് ഉറപ്പാണെങ്കില്‍ പോലും, ഞാൻ പറയും ഉടൻ എല്ലാം ഭേദമാകുമെന്ന്. ഒരാൾ തന്‍റെ അവസാന നിമിഷങ്ങള്‍ ഉത്കണ്ഠയോടെ തള്ളിനീക്കുന്നത് ഞാൻ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് കാരണം.
കഴിഞ്ഞ രണ്ടാഴ്ചയായി ഏറ്റവും മോശമായ അവസ്ഥക്കാണ് ഞാന്‍ സാക്ഷിയാവുന്നത്. തീവ്രപരിചരണ വിഭാഗത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് എന്‍റെ രോഗികളിലൊരാൾ പറഞ്ഞ അവസാന വാക്കുകൾ ഇതാണ് -'വീട്ടില്‍ പതിനൊന്നും നാലും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളുണ്ട്, എനിക്ക് ജീവിക്കണം'. എന്നാല്‍, അധികം കഴിയും മുമ്പ് തന്നെ ആ കുഞ്ഞുങ്ങളോട് നിങ്ങളുടെ അമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ പോലും ഇനി കഴിയില്ല എന്നെനിക്ക് പറയേണ്ടി വന്നു. 'അമ്മയെ കെട്ടിപ്പിടിക്കണം' എന്നു പറഞ്ഞ് ഇളയകുഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. അവളെ ബലമായി പിടിച്ചുമാറ്റുകയല്ലാതെ എനിക്കുമുന്നിൽ മറ്റ് മാർഗമൊന്നുമില്ലായിരുന്നു. ആ നിമിഷം എന്ത് വികാരങ്ങളാണ് മനസ്സിലൂടെ ഓടിമാഞ്ഞതെന്നും എനിക്ക് അറിയില്ല.
മോര്‍ച്ചറിയില്‍ ശരീരങ്ങള്‍ കുന്നുകൂടുന്നത് കാണുേമ്പാൾ ഞാൻ ജനിച്ചിരുന്നില്ലെങ്കിൽ എന്നുവരെ ആഗ്രഹിച്ചുപോകുകയാണ്. ചില സമയങ്ങളില്‍ ഞാന്‍ മാനസികമായി തകര്‍ന്നു പോകുന്നു. മരണം വരെ സ്വപ്‌നം കണ്ടു തുടങ്ങിയിരിക്കുന്നു. ഞാന്‍ ഇവിടെയുണ്ടെങ്കിൽ ഒരു ജീവിനെങ്കിലും രക്ഷപ്പെടുത്താനാകുമല്ലോ എന്ന പ്രതീക്ഷ മാത്രമാണ് എന്നെ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്നത്.
50കൾ പിന്നിട്ട എന്‍റെ മാതാപിതാക്കൾ കേരളത്തിലാണ്, തനിച്ചാണ്. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ അവിടെയുള്ള ആരോഗ്യപ്രവർത്തകർ അവരെ പരിചരിക്കുന്നതുപോലെ ഇവിടെ ഞാനും എന്‍റെ രോഗികളെ പരിചരിക്കണം. ഈ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് ഞാൻ എനിക്ക് കഴിയുന്നതുപോലെ കഠിനാധ്വാനം ചെയ്യുന്നത്. ഞാൻ എല്ലാ ദിവസവും അമ്മയോടും അപ്പയോടും സംസാരിക്കും. എല്ലാം ശരിയാകുമെന്ന് ആവർത്തിച്ചാവർത്തിച്ച് അവരോട് പറയും. ചിലപ്പോള്‍ ഞാന്‍ ആലോചിക്കും- 'കോവിഡ് പിടിപെട്ട് എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്‍റെ മാതാപിതാക്കളെ ആര് നോക്കും'.
അതുകൊണ്ട് എനിക്ക് നിങ്ങളോട് ആകെ പറയാനുള്ളത് പുറത്തിറങ്ങുന്നത് ഇപ്പോള്‍ വളരെ അപകടകരമാണെന്നാണ്. മാസ്‌ക് കൃത്യമായി ധരിക്കണം. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുത്. വീടിനുള്ളില്‍ ഇരിക്കാന്‍ കഴിയുക എന്നത് ഇപ്പോൾ ഒരു അനുഗ്രഹമാണ്. ദയാവുചെയ്ത് അത് മനസ്സിലാക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.