അശാന്തിയിൽ മണിപ്പൂർ: സെപ്റ്റംബർ 12 വരെ കോളജുകൾ അടച്ചിടാൻ സർക്കാർ നിർദേശം

ഇംഫാൽ: വംശീയ കലാപം വീണ്ടും പൊട്ടിപ്പുറപ്പെട്ട മണിപ്പുരിലെ കോളജുകൾ അടച്ചിടാൻ നിർദേശം നൽകി സംസ്ഥാന സർക്കാർ. സെപ്റ്റംബർ 12 വരെ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളജുകൾക്കാണ് ഹയർ ആൻഡ് ടെക്നിക്കൽ എഡ്യുക്കേഷനൽ ഡിപാർട്ട്മെന്‍റ് അവധി നൽകിയത്.

വ്യാപക പ്രക്ഷോഭത്തെ തുടർന്ന് സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിട്ടുണ്ട്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബാൾ എന്നീ മൂന്ന് ജില്ലകളിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. കലാപം വ്യാപിച്ച കാക്കിങ്ങിലെ സുഗ്നുവും പരിസര പ്രദേശങ്ങളും സുരക്ഷാസേന ഫ്ലാഗ് മാർച്ച് നടത്തി.

അതേസമയം, 2000 സി.ആർ.പി.എഫ് ജവാന്മാരെ കൂടി മണിപ്പൂരിലേക്കയക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. 58ാം ബറ്റാലിയൻ തെലങ്കാനയിലെ വാറങ്കലിൽനിന്നും 112ാം ബറ്റാലിയൻ ഝാർഖണ്ഡിൽനിന്നും മണിപ്പൂരിലേക്ക് യാത്ര തിരിച്ചു. ചുരാചന്ദ്പൂരിലും ഇംഫാലിലുമാണ് ഈ സംഘം ക്യാമ്പ് ചെയ്യുക. നിലവിൽ സി.ആർ.പി.എഫിന്റെ 11 ബറ്റാലിയൻ (11,000 ജവാന്മാർ) മണിപ്പൂരിലുണ്ട്.

മണിപ്പൂരിലെ വംശീയ പോരിൽ കഴിഞ്ഞയാഴ്ച 11 പേരാണ് മരിച്ചത്. ശനിയാഴ്ച ജിരിബാം ജില്ലയിലെ വിദൂരപ്രദേശത്ത് ഏഴു പേർക്ക് സംഘർഷത്തിൽ ജീവൻ നഷ്ടമായിരുന്നു. ഞായറാഴ്ച രാത്രിയാണ് കാങ്പോക്പിയിൽ താങ്ബുഹ് ഗ്രാമത്തിലുണ്ടായ സംഘർഷത്തിൽ നെംജാഖോൽ ലുങ്ഡിം എന്ന 46കാരി മരിച്ചത്.

ക്രമസമാധാന നില തകരാറിലായതിനാൽ സംസ്ഥാന പൊലീസ് മേധാവിയും സുരക്ഷ ഉപദേശകനും രാജിവെക്കണമെന്നാവശ്യപ്പെട്ട് വനിതകളും വിദ്യാർഥികളും ഇംഫാലിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു. പൊലീസിന് നേരെ കല്ലെറിഞ്ഞ ഇവരെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ചു.

Tags:    
News Summary - Manipur govt orders colleges to remain closed till Sep 12

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.