സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് ഏറെ വൈകിയ പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. തകർന്ന സാമ്പത്തിക സ്ഥിതിയും പുകയുന്ന അതിർത്തിയും കോവിഡിനെ നേരിട്ടതിലെ പരാജയവും രാഷ്ട്രീയ എതിരാളികളെയും ആക്ടിവിസ്റ്റുകളെയും കേസുകളിൽ പ്രതിചേർത്ത് പകപോക്കുന്നതുമെല്ലാം പ്രതിപക്ഷം ഉന്നയിക്കുന്നതോടെ സമ്മേളനം പ്രക്ഷുബ്ധമാകുമെന്നാണ് കരുതുന്നത്. അതേസമയം, കോവിഡ് സാഹചര്യത്തിൽ ഏറെ നിയന്ത്രണങ്ങളോടെയാണ് 18 ദിവസത്തെ സമ്മേളനം ചേരുന്നത്. ചോദ്യോത്തര വേളയും ശൂന്യവേളയും സ്വകാര്യബില്ലുകളുടെ അവതരണവും നിർത്തലാക്കി അംഗങ്ങളുടെ അവകാശം ഹനിച്ചതും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരെ ഡൽഹി വംശീയാതിക്രമത്തിൽ പ്രതി ചേർത്തതും പാർലമെൻറിലുന്നയിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേയിറക്കിയ ഓർഡിനൻസുകൾക്ക് പകരം കൊണ്ടുവരുന്ന 11 ബില്ലുകളിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകളെ കോൺഗ്രസ് എതിർക്കുമെന്ന് ജയറാം രമേശ് അറിയിച്ചു. കർഷകരെ ദോഷകരമായി ബാധിക്കുന്ന ബില്ലുകളെയും ബാങ്കിങ് നിയന്ത്രണ നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതിയെയും എതിർക്കുന്നതിന് സമാന പാർട്ടികളുമായി ചർച്ച നടത്തുമെന്ന് ജയറാം രമേശ് പറഞ്ഞു.
മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അടക്കം മുൻ അംഗങ്ങളുടെയും പ്രമുഖരുടെയും നിര്യാണത്തിൽ അനുശോചിച്ച ശേഷമായിരിക്കും സഭ നടപടികളിലേക്ക് കടക്കുക. ഇന്ത്യ -ചൈന സംഘർഷത്തെക്കുറിച്ച് സർക്കാർ പാർലമെൻറിൽ പ്രസ്താവന നടത്തിയേക്കും. കിഴക്കൻ ലഡാക്കിലെ യഥാർഥ സ്ഥിതി എന്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി നിരന്തരം ആവശ്യപ്പെട്ടുവരുകയാണ്. ചൈന നമ്മുടെ ഭൂമി കവർന്നുവെന്നും ഇത് എപ്പോൾ തിരിച്ചുപിടിക്കാനാണ് ആലോചിക്കുന്നതെന്നും രാഹുൽ ചോദിച്ചിരുന്നു.
തൽസ്ഥിതി മാറ്റാനുള്ള ചൈനയുടെ ഏകപക്ഷീയ ശ്രമങ്ങളെ പ്രതിരോധിച്ചിരുന്നുവെന്നാണ് സർക്കാറിെൻറ അവകാശവാദം. ഇതിനിടയിൽ ചർച്ചക്കുള്ള പ്രതിപക്ഷ ആവശ്യം തള്ളിക്കളയാൻ സാധ്യതയില്ല. ഏത് വിഷയത്തിലും ചർച്ച നടത്താൻ ഒരുക്കമാണെന്ന് കേന്ദ്ര പാർലമെൻററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.