ഡൽഹി നിർഭയ കേസിന് സമാനമായി ബിഹാറിലും പെൺകുട്ടി ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായി

പാട്ന: 2012ലെ നിർഭയ കൂട്ടബലാത്സംഗ കേസിന് സമാനമായി ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മൂന്ന് പേർ ബസിനുള്ളിൽ ബലാത്സംഗം ചെയ്തു. ബെട്ടിയ നഗരത്തിൽ ബുധനാഴ്ചയാണ് സംഭവം. അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ ബസിനുള്ളിൽ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

ബസ് ഡ്രൈവറും കൂട്ടാളികളും ചേർന്ന് മയക്കുമരുന്ന് അടങ്ങിയ ശീതളപാനീയം നൽകി ബലാത്സംഗം ചെയ്തെന്ന ഇരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു ക്രൂര കൃത്യമെന്ന് ബെട്ടിയ സബ് ഡിവിഷനൽ പൊലീസ് ഓഫീസർ മുകുൾ പാണ്ഡെ പറഞ്ഞു. മൂന്ന് പ്രതികളിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. അക്രമിക്കപ്പെട്ട പെൺകുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ 2012 ഡിസംബർ 16നാണ് ഫിസിയോതെറാപ്പി വിദ്യാർഥിനി ബസിൽ കൂട്ടബലാത്സംഗത്തിനും ക്രൂരമായ അക്രമത്തിനും ഇരയായത്. ചികിത്സയിലിരിക്കെ ഡിസംബർ 29ന് പെൺകുട്ടി മരിച്ചു. രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങളാണ് സംഭവത്തെ തുടർന്ന് ഉണ്ടായത്. പിന്നീട് തെരുവുകളിലേക്കും പ്രതിഷേധങ്ങൾ കത്തിപ്പടർന്നു.

ആറ് പേരാണ് കേസിൽ ഉൾപ്പെട്ടിരുന്നത്. മുഖ്യപ്രതി രാംസിങ് വിചാരണക്കിടെ തിഹാർ ജയിലിൽ ആത്മഹത്യ ചെയ്തു. അതേസമയം, മറ്റൊരു പ്രതിക്ക് പെൺകുട്ടി അക്രമിക്കപ്പെടുന്ന സമയത്ത് പ്രായപൂർത്തിയായിരുന്നില്ല. ജുവനൈൽ കേന്ദ്രത്തിലേക്ക് അയച്ച ഇയാളെ മൂന്ന് വർഷത്തിന് ശേഷം വിട്ടയച്ചു.

പെൺകുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് ഇയാളായിരുന്നുവെന്നാണ് കണ്ടെത്തൽ. കേസിലെ മറ്റ് നാല് പ്രതികളായ വിനയ്, അക്ഷയ്, പവൻ, മുകേഷ് എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിച്ചു. 2020 മാർച്ച് 20ന് നാല് പേരെയും തൂക്കിലേറ്റി.

Tags:    
News Summary - Minor girl raped in bus in Bihar, 2 held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.