ന്യൂഡൽഹി: പാർലമെന്റിൽ വംശീയാധിക്ഷേപത്തിന് വിധേയനായ ഡാനിഷ് അലി എം.പിയെ ബി.എസ്.പിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധമായ പ്രവർത്തനങ്ങളാണ് നടപടിക്ക് കാരണമെന്നാണ് സൂചന. 'പാർട്ടിയുടെ നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനുമെതിരായ പ്രവർത്തനങ്ങൾക്ക് താങ്കൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ താങ്കൾ പാർട്ടിക്കെതിരായ പ്രവർത്തനങ്ങൾ തുടരുകയാണ്.'-എന്നായിരുന്നു ബി.എസ്.പി അറിയിച്ചത്.
വംശീയാധിക്ഷേപം നേരിട്ടതിനു ശേഷം ഡാനിഷ് അലി നിരവധി തവണ പ്രതിപക്ഷ നേതാക്കളെ കണ്ടിരുന്നു. കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയ ശേഷവും ഒറ്റയാൾ പ്രതിഷേധം നടത്തി. ഇരയെ കുറ്റവാളിയാക്കി മാറ്റരുത് എന്നെഴുതിയ പ്ലക്കാർഡ് കഴുത്തിൽ തൂക്കുകയും ചെയ്തു.
ഡാനിഷ് അലിക്കെതിരായ വംശീയാധിക്ഷേപത്തിൽ ബി.ജെ.പി എം.പി രമേശ് ബിധുരി ഖേദം പ്രകടിപ്പിച്ചിരുന്നു. ലോക്സഭ പ്രിവിലേജസ് കമ്മിറ്റി യോഗത്തിലായിരുന്നു രമേശ് ബിധുരിയുടെ ഖേദപ്രകടനം. ചന്ദ്രയാൻ 3ന്റെ വിജയവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 21ന് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കിടെയാണ് ബി.ജെ.പി നേതാവ് ഡാനിഷ് അലിക്കെതിരെ ഗുരുതരമായ വംശീയാധിക്ഷേപം നടത്തിയത്.
എന്തും വരട്ടെ, ബി.ജെ.പി സർക്കാറിനെ ഇനിയും എതിർക്കും -ഡാനിഷ് അലി
ന്യൂഡൽഹി: പാർട്ടി വിരുദ്ധ പ്രവർത്തനമൊന്നും നടത്തിയിട്ടില്ലെന്ന് ബി.എസ്.പി പുറത്താക്കിയ ഡാനിഷ് അലി എം.പി. ബി.എസ്.പിയെ ശക്തിപ്പെടുത്താനാണ് ആത്മാർഥമായി ശ്രമിച്ചിട്ടുള്ളത്. അംറോഹയിലെ ജനങ്ങൾ അതിന് സാക്ഷിയാണ്. ബി.ജെ.പി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ തീർച്ചയായും താൻ എതിർത്തിട്ടുണ്ട്. ചങ്ങാത്ത മുതലാളികളുടെ കൊള്ളയടിക്കെതിരെ ശബ്ദമുയർത്തിയിട്ടുമുണ്ട്. അത് തുടരുക തന്നെ ചെയ്യും. കാരണം, അതാണ് യഥാർഥ ജനസേവനം. അതൊരു കുറ്റമാണെങ്കിൽ, ആ കുറ്റം താൻ ചെയ്തിട്ടുണ്ട്. അതിന്റെ പേരിൽ എന്തു ശിക്ഷയും നേരിടാൻ തയാർ. തനിക്ക് ലോക്സഭ സീറ്റ് നൽകിയതിലും പാർലമെന്ററി പാർട്ടി നേതാവാക്കിയതിലും മായാവതിയോട് നന്ദിയുണ്ട്. പക്ഷേ, പുറത്താക്കിയ തീരുമാനം നിർഭാഗ്യകരമായി. അംറോഹയിലെ ജനങ്ങളുടെ സേവനത്തിന് താൻ എന്നും ഉണ്ടാകും -ഡാനിഷ് അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.