മുംബൈ: പുതുവത്സരാഘോഷത്തിനിടെ മുംബൈ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി. നഗരത്തിന്റെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനമുണ്ടാവുമെന്നാണ് അജ്ഞാതന്റെ ഫോൺകോളിൽ പറയുന്നത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ പൊലീസ് കൺട്രോൾ റൂമിലാണ് ഫോൺകോൾ ലഭിച്ചത്.
ഫോൺകോളിന് ശേഷം നഗരത്തിന്റെ വിവിധയിടങ്ങളിൽ കർശന പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കോൾ ചെയ്ത വ്യക്തിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
കനത്ത സുരക്ഷയാണ് പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. 15,000ത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സ്, ക്വിക്ക് റെസ്പോൺസ് ടീം എന്നിവരേയും വിന്യസിച്ചിട്ടുണ്ട്. ഗേറ്റ്‍വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, ദാദർ, ബാന്ദ്ര, ജുഹു തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കനത്ത പൊലീസ് കാവലുണ്ട്. 22 ഡെപ്യൂട്ടി കമീഷണർമാർ, 45 അസിസ്റ്റന്റ് കമീഷണർമാർ, 2051 ഓഫീസർമാർ, 11,500 കോൺസ്റ്റബിൾമാർ എന്നിവരാണ് വിവിധ സ്ഥലങ്ങളിലും സുരക്ഷയൊരുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.