മുംബൈ: 2006ലെ നാന്ദഡ് സ്ഫോടന കേസിൽ സാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ആർ.എസ്.എസ് പ്രവർത്തകൻ യശ്വന്ത് ഷിൻഡെ നൽകിയ ഹരജി നാന്ദഡ് ജില്ല സെഷൻസ് കോടതി തള്ളി. രാജ്യത്തെ സ്ഫോടനങ്ങൾക്കു പിന്നിൽ സംഘ്പരിവാർ സംഘടനകളാണെന്നും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിനായാണ് സ്ഫോടനങ്ങൾ നടത്തുന്നതെന്നും അവകാശപ്പെട്ടാണ് മുംബൈ സ്വദേശിയായ യശ്വന്ത് ഷിൻഡെ നാന്ദഡ് കോടതിയെ സമീപിച്ചത്.
ജമ്മുവിൽ ആർ.എസ്.എസ് പ്രചാരകായിരിക്കെ 90കളിൽ ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിന്റെ നിർദേശത്തെ തുടർന്ന് യുവാക്കളെ ആയുധ പരിശീലനത്തിന് കശ്മീരിൽ എത്തിച്ചതായും പുണെയിൽ ബോംബ് നിർമാണ, സ്ഫോടന പരിശീലനത്തിൽ പങ്കെടുത്തതായും യശ്വന്ത് ഷിൻഡെ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടിരുന്നു. നാന്ദഡ് സ്ഫോടന കേസിൽ തന്നെ സാക്ഷിയാക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് ദേശീയ നേതാവ് മിലിന്ദ് പരാൺഡെയെ പ്രതിചേർക്കണമെന്നും ആവശ്യപ്പെട്ട യശ്വന്ത് നാന്ദഡ് സ്ഫോടന കേസ് പ്രതികൾക്ക് പരിശീലനം നൽകിയ പിടികിട്ടാപുള്ളി ‘മിഥുൻ ചക്രവർത്തി’യുടെ യഥാർഥ പേരും വിലാസവും വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഹരിദ്വാർ സ്വദേശി പ്രഫ. രവി ദേവ് ആണ് മിഥുൻ ചക്രവർത്തി എന്നാണ് വെളിപ്പെടുത്തൽ. എന്നാൽ, 16 വർഷത്തിനു ശേഷം സാക്ഷിപറയാൻ രംഗത്തെത്തിയ യശ്വന്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത സി.ബി.ഐ അദ്ദേഹത്തെ സാക്ഷിയാക്കുന്നതിനെ കോടതിയിൽ എതിർത്തു. നാന്ദഡ് അഡീഷനൽ സെഷൻസ് ജഡ്ജി മറാത്തെയാണ് ചൊവ്വാഴ്ച യശ്വന്തിന്റെ ഹരജി തള്ളിയത്. വിശദ ഉത്തരവ് പുറത്തുവിട്ടിട്ടില്ല. വിധിപ്പകർപ്പ് ലഭിച്ച ശേഷം ബോംബെ ഹൈകോടതി ഔറംഗാബാദ് ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് യശ്വന്ത് ഷിൻഡെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.