ന്യൂഡൽഹി: പാർലമെന്റിൽ വനിത സംവരണ ബിൽ ചർച്ച കാണാനായി ബി.ജെ.പി കൊണ്ടുവന്ന് സന്ദർശക ഗാലറിയിലിരുത്തിയ വനിതകൾ സഭാ നടപടികൾക്കിടെ ‘നരേന്ദ്ര മോദി സിന്ദാബാദ്’ വിളിച്ചത് രാജ്യസഭയെ പ്രക്ഷുബ്ധമാക്കി. സന്ദർശകരെ കൊണ്ടുവന്നിരുത്തിയ എം.പിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തോട് അന്വേഷണം നടത്താമെന്ന് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ ഉറപ്പുനൽകിയ ശേഷമാണ് സഭ നടപടികളിലേക്ക് കടന്നത്. പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസം പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി സമ്മേളിച്ചപ്പോൾ ലോക്സഭയിലും സമാനമായ മുദ്രാവാക്യം വിളിയുയരുകയും മുദ്രാവാക്യം വിളിച്ച സന്ദർശകയെ സുരക്ഷാ ജീവനക്കാർ പുറത്താക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച വനിത സംവരണ ബില്ലിന്മേലുള്ള ചർച്ചയിൽ ബി.ജെ.പി നേതാവ് സുശീൽകുമാർ മോദി സംസാരിക്കുന്നതിനിടയിലാണ് സന്ദർശക ഗാലറിയിൽനിന്ന് ‘നരേന്ദ്ര മോദി സിന്ദാബാദ് വിളി’ ഉയർന്നത്. വനിത എം.പിയായ കവിത പാട്ടീദാർ ആയിരുന്നു ആ സമയത്ത് ചെയറിലുണ്ടായിരുന്നത്. സാധാരണഗതിയിൽ സന്ദർശകരെ അനങ്ങാൻപോലും അനുവദിക്കാത്ത സന്ദർശക ഗാലറിയിൽനിന്ന് അപ്രതീക്ഷിതമായ മുദ്രാവാക്യം വിളി കേട്ട് സുശീൽ കുമാർ മോദി പ്രസംഗം നിർത്തുകയും സഭ ഒന്നടങ്കം ഗാലറിയിലേക്ക് തിരിയുകയും ചെയ്തു. സഭയിൽ എന്താണ് നടക്കുന്നതെന്ന് ചോദിച്ച് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളോട് അവർ ഗാലറിയിൽനിന്ന് പോയെന്ന് കവിത പാട്ടീദാർ മറുപടി നൽകിയെങ്കിലും അംഗങ്ങൾ ശാന്തരായില്ല. ബഹളം ശമിക്കാതായതോടെ ചെയറിലേക്ക് വന്ന ജഗ്ദീപ് ധൻഖർ ഇത് അന്വേഷിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് അംഗങ്ങളെ ശാന്തരാക്കി.
കഴിഞ്ഞ രണ്ടു ദിവസമായി സംഘം സംഘമായാണ് ഗാലറിയിൽ വനിതകളെ കൊണ്ടുവരുന്നതെന്നും അവരോട് സംസാരിച്ചപ്പോൾ ബി.ജെ.പി പ്രവർത്തകരാണെന്നാണ് പറയുന്നതെന്നും എസ്.പിയുടെ ജയ ബച്ചൻ പറഞ്ഞു. മുദ്രാവാക്യം വിളിച്ചവർ വന്നത് ഏത് എം.പിയുടെ ശിപാർശയിൽ വന്നതാണോ ആ എം.പിക്കെതിരെ കടുത്ത നടപടി വേണമെന്ന് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി ആവശ്യപ്പെട്ടു. പാർലമെന്റ് പരിസരത്ത് കൂട്ടത്തോടെ ഇത്തരത്തിലുള്ള ആളുകളെ കൊണ്ടുവന്നിറക്കി ബി.ജെ.പി ബോധപൂർവം പാർലമെന്റിന്റെ അന്തസ്സിടിക്കുകയാണെന്നും തിവാരി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.