ആഗ്ര: രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ അഗ്നിപരീക്ഷണമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് മാറ്റമെന്ന അഗ്നിപരീക്ഷണത്തെ രാജ്യം ജയിച്ച് മുന്നേറും. നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ട് വെറുതേയാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗ്രയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്യങ്ങൾ ശരിയാകാൻ കാലതാമസമെടുക്കുമെന്ന് തീരുമാനം പ്രഖ്യാപിക്കുന്നതിനൊപ്പം താൻ സൂചിപ്പിച്ചിരുന്നു. 50 ദിവസത്തിനുള്ളിൽ കാര്യങ്ങളെല്ലാം സാധാരണഗതിയിലാകും. എന്നാൽ വെറും 10 ദിവസത്തിനുള്ളിൽ 5,000 കോടി രൂപയാണ് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടത്. വിപണിയിൽ ഒഴുകുന്ന പണമാണ് ഇത്തരത്തിൽ നിക്ഷേപമാക്കപ്പെട്ടത്. രാജ്യത്തെ വരും തലമുറയുടെ നല്ല ഭാവിക്കു വേണ്ടിയാണ് ഇൗ തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.
500,1000 രൂപ നോട്ടുകൾ കള്ളപ്പണക്കാരും കള്ളനോട്ടുകാരും മയക്കുമരുന്നു സംഘങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ട്. നോട്ടുകൾ പിൻവലിച്ചത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, ആ തീരുമാനത്തിലൂടെ നിരവധി കള്ളപ്പണക്കാരാണ് പരാജയപ്പെടുന്നത്. സത്യസന്ധരായ ജനങ്ങളെ സഹായിക്കാനാണ് സർക്കാർ ശ്രമമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സർക്കാർ തീരുമാനത്തിൽ ജനങ്ങൾക്ക് അസൗകര്യമുണ്ടായേക്കുമെന്ന് പറഞ്ഞിരുന്നു, എന്നിട്ടും ആ തീരുമാനത്തെ പിന്തുണക്കുന്ന ജനങ്ങളെ അഭിനന്ദിക്കുന്നു. 2022 ഒാടെ രാജ്യത്തെ എല്ലാ ജനങ്ങൾക്കും വീടെന്ന സ്വപ്നം പൂർത്തിയാക്കുമെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.