ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നിയമനിർമാണം മാറുന്നതിന് മുന്നോടിയായി ലോക്സഭ സ്പീക്കർ വിജ്ഞാപനമിറക്കി. പാർലമെന്റ് മന്ദിരം മാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ വിജ്ഞാപനമിറക്കിയത്.
റെയ്സിന റോഡിലെ പഴയ പാർലമെന്റ് മന്ദിരത്തിന് കിഴക്ക് ഭാഗത്ത് പ്ലോറ്റ് നമ്പർ 118ൽ സ്ഥിതി ചെയ്യുന്ന പുതിയ മന്ദിരം ഇന്ന് മുതൽ പാർലമെന്റ് മന്ദിരമായി അറിയപ്പെടുമെന്ന് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു.
പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നിയമനിർമാണം ചുവടുവെക്കുമ്പോൾ മറയുന്നത് 96 വർഷത്തെ ചരിത്രമാണ്. കൊളോണിയൽ ഭരണം, സ്വാതന്ത്ര്യദിന പുലരി, ഭരണഘടന അംഗീകാരം തുടങ്ങി നിരവധി ചരിത്ര സംഭവങ്ങൾക്കാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റ് മന്ദിരം സാക്ഷ്യംവഹിച്ചത്.
1927 ജനുവരി 18ന് അന്നത്തെ വൈസ്രോയി ആയിരുന്ന ഇർവിൻ പ്രഭുവാണ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. റെയ്സിനാ കുന്നിൽ ആറ് ഏക്കറിൽ വൃത്താകൃതിയിലുള്ള രൂപകൽപനയോടെ നിർമിച്ച കെട്ടിടം ഇന്ത്യയുടെ ചരിത്രശേഖരം, ഡൽഹിയുടെ വാസ്തുവിദ്യാരത്നം തുടങ്ങിയ വിശേഷണങ്ങളോടെയാണ് അറിയപ്പെടുന്നത്. 560 അടി വ്യാസമുള്ള കെട്ടിടം രൂപകൽപന ചെയ്തത് സർ ഹെർബർട്ട് ബേക്കറാണ്.
1946 ഡിസംബർ ഒമ്പതിന് സെൻട്രൽ ചേംബറിലാണ് (സെൻട്രൽ ഹാൾ) ഭരണഘടന അസംബ്ലിയുടെ ആദ്യ യോഗം ചേർന്നത്. 1949 നവംബർ 26ന് ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.