ന്യൂഡൽഹി: മുഖ്യമന്ത്രിക്കസേര ഉറപ്പിക്കുന്ന മുന്നണി മാറ്റത്തോടെ നിതീഷ് കുമാർ ബിഹാർ രാഷ്ട്രീയം ഒരിക്കൽകൂടി ഇളക്കി മറിക്കുമ്പോൾ ഒരു ചോദ്യം ബാക്കി: നിതീഷിനെ വിശ്വസിക്കാമോ? ബി.ജെ.പി പ്രതിപക്ഷത്തോടും, പ്രതിപക്ഷം പരസ്പരവും ഈ ചോദ്യമെറിയുന്നു. സാധ്യതകളുടെ കലയാണ് രാഷ്ട്രീയമെങ്കിലും തരംപോലെ ചാടിക്കളിച്ച രാഷ്ട്രീയ നേതാക്കളുടെ പട്ടികയിലാണ് ഇന്ന് നിതീഷിന് സ്ഥാനം.
എങ്കിലും 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് എഴുതിക്കൊടുത്ത മട്ടിൽ നിരാശരായി മാറിപ്പോയ പ്രതിപക്ഷ പാർട്ടികൾക്ക് പുതിയ പ്രതീക്ഷ നൽകുന്നതാണ് ബിഹാറിലെ സംഭവവികാസങ്ങൾ. ബിഹാറിലെ മാറ്റം ദേശീയ രാഷ്ട്രീയത്തിന് പുതിയ രൂപഭാവങ്ങൾ നൽകും. മുമ്പ് പ്രതിപക്ഷ ഐക്യത്തിന്റെ മാതൃകയായി ഉയർത്തിക്കാണിക്കപ്പെട്ട ബിഹാറിലെ മഹാസഖ്യം ഉയിർത്തെഴുന്നേറ്റത് പ്രതിപക്ഷത്തിന് ഉണർവാണ്. ഒപ്പം, ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷത്തിന്റെ ദേശീയ മുഖങ്ങളിലൊന്നായി മാറുകയാണ് നിതീഷ്.
തൽക്കാലം പ്രതിസന്ധിയൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും ബി.ജെ.പിക്ക് ഏറ്റവും വലിയ സഖ്യകക്ഷിയെയാണ് നഷ്ടമായത്. നേരത്തേ ശിരോമണി അകാലിദൾ, ശിവസേന, ടി.ഡി.പി തുടങ്ങിയ പാർട്ടികളെ അകറ്റിയതിനു പിറകെയാണ് പുതിയ ആഘാതം. സഖ്യകക്ഷികൾ ഓരോന്നായി വിട്ടുപോകുമ്പോൾ, ഒറ്റക്ക് ശക്തി തെളിയിക്കാനും പിടിച്ചുനിൽക്കാനും കഴിയുമെന്നാണ് മോദി-അമിത് ഷാമാരുടെ തന്ത്രങ്ങളിൽ അമിത വിശ്വാസമുള്ള ബി.ജെ.പിക്കാരുടെ ചിന്താഗതി.
അതേസമയം, ബി.ജെ.പിക്കു മുന്നിൽ മുന്നണി-ഭരണപ്രശ്നങ്ങൾ കൂടി വരുകയുമാണ്. ഇനിയുമൊരു ചേരിമാറ്റം നിതീഷ് എന്ന നേതാവിന്റെ വിശ്വാസ്യത വട്ടപ്പൂജ്യമാക്കുമെന്ന ഉറച്ച ബോധ്യത്തോടെയാണ് പ്രതിപക്ഷ പാർട്ടികൾ നിതീഷിന് സഹായഹസ്തം നീട്ടിയിരിക്കുന്നത്. ഒരു നേതാവിന്റെ വിശ്വാസ്യതയെ പരിക്കേൽപിക്കുന്ന മലക്കംമറിച്ചിൽ നിതീഷ് പലവട്ടം നടത്തി. എന്നാൽ ഇനിയൊരവസരത്തിൽ അത്തരമൊരു അങ്കത്തിന് അദ്ദേഹത്തിന് ബാല്യമില്ലെന്ന് ആശ്വാസം കൊള്ളുകയാണ് പല പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കൾ. മഹാസഖ്യത്തോട് തെറ്റി ബി.ജെ.പിയുമായി വീണ്ടുമൊരു ചങ്ങാത്തം ഉണ്ടാക്കാനും അതേക്കുറിച്ച് വിശദീകരിക്കാനും നിതീഷിന് ഒട്ടും എളുപ്പമല്ല.
ലാലു പ്രസാദിന്റെ അനുയായി രാഷ്ട്രീയത്തിൽ വളർന്നു പന്തലിച്ച നേതാവാണ് നിതീഷ് കുമാർ. സോഷ്യലിസ്റ്റ് ആശയങ്ങൾ വിളഞ്ഞ മനസ്സിൽ പിന്നീട് കാവിപ്രണയം മുളപൊട്ടി. അങ്ങനെയാണ് ജോർജ് ഫെർണാണ്ടസിന്റെ കൈപിടിച്ച് നിതീഷ് ബി.ജെ.പി പാളയത്തിൽ ചേക്കേറിയത്. ലാലു പ്രസാദും ആർ.ജെ.ഡിയും പ്രതിയോഗിയായി മാറി. വാജ്പേയി മന്ത്രിസഭയിൽ റെയിൽ മന്ത്രിയായിരുന്ന നിതീഷ് പിന്നീട് ബി.ജെ.പി പിന്തുണയോടെ ബിഹാർ മുഖ്യമന്ത്രിയായി. അപ്പോഴും നരേന്ദ്ര മോദിയുടെ ശത്രുവെന്ന് അറിയപ്പെടാനായിരുന്നു താൽപര്യം.
2014ൽ മോദി പ്രധാനമന്ത്രിയായപ്പോഴും നിലപാട് അങ്ങനെ തന്നെയായിരുന്നു. 2015ൽ മഹാസഖ്യം രൂപപ്പെട്ടത് അങ്ങനെയാണ്. എന്നാൽ പിന്നീട് ചിന്ത മാറി; മോദിയുമായി ചങ്ങാത്തം സ്ഥാപിച്ചു. മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാനാണ് നിതീഷ് അങ്ങേയറ്റം ശ്രദ്ധിച്ചത്. മഹാസഖ്യത്തെ വിട്ട് 2017ൽ ബി.ജെ.പിക്കൊപ്പം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മോദിയുമായി പലവട്ടം വേദിപങ്കിട്ടു. എന്നാൽ തനിക്ക് പറ്റിയ ചങ്ങാത്തമല്ലെന്നാണ് ഇപ്പോഴത്തെ തിരിച്ചറിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.