ന്യൂഡൽഹി: കശ്മീർ വിഘടനവാദി നേതാവ് യാസീൻ മാലിക്കിന് രക്തപരിശോധന ഫലം എസ്.എം. എസ് ആയി അയച്ച ഹൃദ്രോഗ വിദഗ്ധൻ പത്മശ്രീ ഡോ. ഉപേന്ദ്ര കൗളിനെ ദേശീയ അന്വേഷണ ഏജൻസി ( എൻ.ഐ.എ) ചോദ്യം ചെയ്തു. ‘ബ്ലഡ് റിപ്പോർട്ട് വാല്യു ഐ.എൻ.ആർ 2.78’ എന്ന സന്ദേശത്തിലെ ഐ.എൻ. ആർ 2.78 എന്നത് ഇന്ത്യൻ രൂപ 2.78 കോടി ആണെന്ന് വ്യാഖ്യാനിച്ച് ഹവാല പണം അയച്ചതിെൻറ സന്ദേശമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഏജൻസിയുടെ ചോദ്യം ചെയ്യൽ.
എന്നാൽ, ഐ.എൻ.ആർ എന്നത് ഇൻറർനാഷനലൈസ്ഡ് നോർമലൈസ്ഡ് റേഷ്യോ’ എന്നാണെന്ന് ഡോ. ഉപേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വിശദീകരിച്ചു.എൻ.ഐ.എ ആസ്ഥാനത്ത് 20 മിനിറ്റോളമായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിൽ കാര്യം മനസ്സിലാക്കിയതിനെ തുടർന്ന് ഡോ. ഉപേന്ദ്രയെ വിട്ടയക്കുകയായിരുന്നു.
കശ്മീരിന് പ്രേത്യക പദവി നൽകുന്ന 370ാം വകുപ്പ് കേന്ദ്രസർക്കാർ എടുത്തുകളഞ്ഞതിനെ ഡോ. ഉപേന്ദ്ര വിമർശിച്ചിരുന്നു. ഈ വിമർശനമുന്നയിച്ച് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് കശ്മീരി പണ്ഡിറ്റ് കൂടിയായ ഡോ. ഉപേന്ദ്രയെ എൻ.ഐ.എ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. യാസീൻ മാലിക്കുമായുള്ള തെൻറ ബന്ധം ഡോക്ടറും രോഗിയും തമ്മിലുള്ളത് മാത്രമാണെന്ന് ചോദ്യംചെയ്യലിനു ശേഷം ഡോ. ഉപേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.