നിജ്ജാർ വധം: കാനഡയുടെ ആരോപണം അതീവ ഗൗരവതരം; അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് യു.എസ്

വാഷിങ്ടൺ: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ വധത്തിൽ ഇന്ത്യക്കെതിരെ പ്രതികരണവുമായി അമേരിക്ക. നിജ്ജാർ വധം സംബന്ധിച്ച കാനഡയുടെ ആരോപണം അതീവ ഗൗരവതരമെന്നും ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് മാത്യു മില്ലർ ആവശ്യപ്പെട്ടു.

'കനേഡിയൻ ആരോപണങ്ങൾ അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും അവ ഗൗരവമായി കാണേണ്ടതുണ്ടെന്നും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്. കാനഡയുമായും അവരുടെ അന്വേഷണവുമായും ഇന്ത്യ ഗവൺമെന്‍റ് സഹകരിക്കുന്നത് കാണാൻ ആഗ്രഹമുണ്ട്. പക്ഷേ, ഇന്ത്യ മറ്റൊരു പാത തെരഞ്ഞെടുത്തു' -മാത്യു മില്ലർ വ്യക്തമാക്കി.

ഇന്ത്യയും കാനഡയും സഹകരിച്ച് പ്രവർത്തിക്കണമെന്ന് യു.എസ് അഭ്യർഥിച്ചിട്ടുണ്ടെന്നും ഇക്കാര്യം തുടർന്നും ആവശ്യപ്പെടുമെന്നും മാത്യു മില്ലർ പറഞ്ഞു. കനേഡിയൻ ഹൈക്കമീഷണറെ പുറത്താക്കിയ ഇന്ത്യയുടെ നടപടിയെയും യു.എസ് വിമർശിച്ചു. വിഷയത്തിന്‍റെ പ്രസക്തി മനസിലാക്കി ഇരുരാജ്യങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നതായും മില്ലർ വ്യക്തമാക്കി.

അതേസമയം, വിവിധ മേഖലകളിലെ യു.എസ്-ഇന്ത്യ ഉഭയകക്ഷി ബന്ധം ശക്തമായി തുടരുമെന്നും മില്ലർ വ്യക്തമാക്കി.

നിജ്ജാർ വധത്തിൽ നയതന്ത്രം ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം കാനഡ പരിഗണിക്കുന്നുണ്ട്. നിജ്ജാർ വധത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവകളുണ്ടെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിക്കുന്നത്. കൊലപാതകമോ കൊള്ളയടിക്കലോ ആകട്ടെ, കനേഡിയൻ മണ്ണിൽ പൗരന്മാർക്കെതിരായ ക്രിമിനൽ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന കാര്യത്തിൽ ഇന്ത്യൻ ഭരണകൂടത്തിന് വീഴ്ച സംഭവിച്ചുവെന്നും ഇത് അസ്വീകാര്യമാണെന്നും ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കുന്നു.

കാനഡയുമായുള്ള നയതന്ത്രബന്ധം വഷളായിരിക്കെ ഡൽഹിയിലെ കനേഡിയൻ ആക്ടിങ് ഹൈകമീഷണർ സ്റ്റുവർട്ട് വീലർ, ഡെപ്യൂട്ടി ഹൈകമീഷണർ പാട്രിക് ഹെബേർട്ട്, മറ്റ് നാല് നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പുറത്താക്കിയിരുന്നു. അതേസമയം, ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് കനേഡിയൻ അധികൃതരും അറിയിച്ചു.

നേരത്തെ, ജസ്റ്റിൻ ട്രൂഡോ സർക്കാറിൽ വിശ്വാസമില്ലെന്ന് കാട്ടി കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ വിദേശകാര്യ മന്ത്രാലയം തിരിച്ചു വിളിച്ചിരുന്നു.

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണ പരിധിയിൽ ഇന്ത്യന്‍ ഹൈക്കമീഷണറെ ഉൾപ്പെടുത്തിയതാണ് നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. നിജ്ജാർ വധത്തിലെ അന്വേഷണ പരിധിയിൽ ഇന്ത്യന്‍ ഹൈക്കമീഷണർ സഞ്ജയ് വര്‍മയെ ഉൾപ്പെടുത്തിയ നടപടിയെ ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു.

Tags:    
News Summary - Nijjar Murder: Canada's allegations "extremely serious - US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.