പാട്ന: ബി.ജെ.പിയുമായി സംഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി. ബി.ജെ.പിയിൽ നിന്നും ലഭിച്ച ബഹുമാനം നിതീഷ് കുമാറിന് ആർ.ജെ.ഡിയിൽ നിന്നും ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
'ബി.ജെ.പിക്കൊപ്പം നിന്നപ്പോൾ ലഭിച്ച ബഹുമാനം ആർ.ജെ.ഡിയിൽ നിന്ന് നിതീഷിന് ലഭിക്കില്ല. കൂടുതൽ സീറ്റുകളുണ്ടായിരിന്നിട്ടും ഞങ്ങൾ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി, അദ്ദേഹത്തിന്റെ പാർട്ടിയെ തകർക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ഞങ്ങളെ വഞ്ചിച്ചവരെ മാത്രമാണ് തകർത്തത്. മഹാരാഷ്ട്രയിൽ ശിവസേന ഞങ്ങളെ വഞ്ചിക്കുകയും അനന്തരഫലങ്ങൾ നേരിടുകയും ചെയ്തു.'- സുശീൽ മോദി പറഞ്ഞു.
അതേസമയം, ബിഹാറിൽ മുഖ്യമന്ത്രിയായി നിതിഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇത് ഏട്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. ഏഴു പാർട്ടികളടങ്ങിയ മഹാസഖ്യത്തിന് സ്വതന്ത്ര എം.എൽ.എയുൾപ്പടെ 164 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് നിതീഷിന്‍റെ അവകാശവാദം.
നിലവിൽ ബിഹാർ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ആർ.ജെ.ഡി. ആർ.ജെ.ഡിക്ക് 79 എം.എൽ.എമാരും ജെ.ഡി.യുവിന് 45 എം.എൽ.എമാരുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.