ഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അയോധ്യ സന്ദർശിക്കുന്നത് തടയാൻ ആർക്കും കഴിയില്ലെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. അഖാര പരിഷത്ത്, വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) തുടങ്ങിയ സംഘ്പരിവാർ സംഘടനകൾ കഴിഞ്ഞദിവസം നടി കങ്കണ റണാവത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ശിവസേന മേധാവി ഇനി അയോധ്യയിലേക്ക് വരേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന് മറുപടിയായാണ് റായിയുടെ പ്രസ്താവന.നടി കങ്കണയെചൊല്ലി സംഘപരിവാറിൽ തമ്മിലടി മൂർഛിക്കുന്നതായാണ് സൂചന.
അയോധ്യയിലെ 'വിശുദ്ധരുടെ'എതിർപ്പ് തള്ളിക്കളയുന്നതായും വി.എച്ച്.പി സൂചിപ്പിച്ച് രാമക്ഷേത്ര ട്രസ്റ്റ് അധികൃതർ പറഞ്ഞു. 'ആർക്കാണ് ഉദ്ധവിനെ തടയാൻ ധൈര്യമുള്ളതെന്ന് കാണണമെന്നും'-ചമ്പത് റായ് കൂട്ടിച്ചേർത്തു. കങ്കണയുടെ മുംബൈയിലെ ഒാഫീസിലെ നിയമവിരുദ്ധമായി നിർമിച്ച ഭാഗങ്ങൾ ശിവസേനയുടെ നിയന്ത്രണത്തിലുള്ള ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) പൊളിച്ചുമാറ്റിയതിനെത്തുടർന്നാണ് സംഘർഷം ഉടലെടുത്തത്.
അഖില ഭാരതീയ അഖാര പരിഷത്തും (എ ബി എ പി) താക്കറെ സർക്കാരിനെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. കങ്കണയെ രാജ്യത്തിെൻറ ധീരയായ മകളെന്നാണ് എ ബി എ പി വിശേഷിപ്പിച്ചത്. ബോളിവുഡ് വൻകിടക്കാർക്കും മയക്കുമരുന്ന് മാഫിയകൾക്കുമെതിരായ നടിയുടെ പ്രസ്താവന ധീരമെന്നും അവർ പറയുന്നു. ബോളിവുഡിലെയും മയക്കുമരുന്ന് മാഫിയയിലെയും ഒരു പ്രത്യേക സമുദായത്തിെൻറ ആധിപത്യത്തിനെതിരെ നടിയുടെ പ്രതിരോധം വലിയ അലയൊലികൾക്കിടയാക്കിയിട്ടുണ്ട്. ഇത് മയക്കുമരുന്ന് മാഫിയയെ ഭയപ്പെടുത്തുന്നു.
അതേസമയം മഹാരാഷ്ട്ര സർക്കാർ ഭയപ്പാടിലാണെന്നും അഖാര പരിഷത്ത് പ്രസിഡൻറ് മഹന്ത് നരേന്ദ്ര ഗിരി പറഞ്ഞു. മുംബൈയെ പാകിസ്ഥാൻ അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തിയ കങ്കണ തുടന്ന് ഭരണകക്ഷിയായ ശിവസേനയുമായി സംഘർഷത്തിലായിരുന്നു. നടൻ സുശാന്ത് സിംഗ് രാജ്പുതിെൻറ മരണശേഷം മുംബൈയിൽ തനിക്ക് സുരക്ഷിതത്വമില്ലെന്നും മുംബൈ പോലീസിൽ വിശ്വാസമില്ലെന്നും കങ്കണ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.