പ്രായവും രോഗവും തളർത്തിയെങ്കിലും ഡൽഹിയുടെ പഴയ മുഖ്യമന്ത്രി ഷീല ദീക്ഷിതിെൻറ മുഖത്ത് തെരഞ്ഞെടുപ്പ് ആവേശത്തിന് ഒട്ടും കുറവില്ല. അവർ പറയുന്നിടത്ത് പ്രവർത്തകർ നിൽക്കുന്നു. മുൻ മുഖ്യമന്ത്രിയോട് പരാതികൾ പറയാൻ സാധാരണക്കാർ എത്തുന്നു. കണ്ണീരോടെ സംസാരിക്കുന്നവരോട് പരിഹാരമുണ്ടാക്കാമെന്ന് ആശ്വസിപ്പിക്കുന്നു. 86ാം വയസ്സിലും ഷീല ദീക്ഷിതിൽ കോൺഗ്രസും സാധാരണക്കാരനും ഏറെ പ്രതീക്ഷയർപ്പിക്കുന്നതായി നോർത്ത് ഇൗസ്റ്റ് ഡൽഹി മണ്ഡലത്തിലെ അവരുടെ ഒാരോ പ്രചാരണ പരിപാടികളും പറയുന്നു.
ഒരുകാലത്ത് രാജ്യതലസ്ഥാന നഗരിയെ വികസനത്തിലേക്ക് നയിച്ച പഴയ മുഖ്യമന്ത്രിക്ക് ജനങ്ങളുടെ വികാരമറിയാം. അവരുടെ പ്രചാരണത്തിലെ മുഖ്യവിഷയം വികസനം മാത്രമാണ്. ഡൽഹിയിൽ കോൺഗ്രസ് വിജയപ്രതീക്ഷയർപ്പിക്കുന്ന രണ്ട് മണ്ഡലങ്ങളിലൊന്നാണ് സംസ്ഥാന അധ്യക്ഷ മത്സരിക്കുന്ന വടക്കുകിഴക്കൻ ഡൽഹി. ബി.െജ.പി സംസ്ഥാന അധ്യക്ഷനും സിറ്റിങ് എം.പിയുമായ മനോജ് തിവാരിയാണ് എതിർസ്ഥാനാർഥി. വടക്കുകിഴക്കൻ ഡൽഹി ബദ്ധവൈരികളായ രണ്ടു പാർട്ടികളുടെ സംസ്ഥാന അധ്യക്ഷന്മാർ മത്സരിക്കുന്നതിനാൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലം കൂടിയാണിത്. ത്രികോണ മത്സരം നടക്കുന്ന ഇവിടെ ദിലീപ് പാണ്ഡെയാണ് ആം ആദ്മി പാർട്ടി (ആപ്) സ്ഥാനാർഥി.
മൂന്നുതവണ മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിന് ചൂണ്ടിക്കാണിക്കാൻ വടക്കുകിഴക്കൻ ഡൽഹിയിൽ ഏറെ വികസന കാഴ്ചകൾ ഉണ്ട്. അത് മുതൽകൂട്ടാവുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. ജെ.പി. അഗർവാളിനെയായിരുന്നു കോൺഗ്രസ് ആദ്യം സ്ഥാനാർഥിയായി തീരുമാനിച്ചത്. പിന്നീടാണ് ഷീല ദീക്ഷിത് വരുന്നത്. ജെ.പി അഗർവാൾ പ്രചാരണത്തിൽ ഒരു റൗണ്ട് പൂർത്തിയാക്കിയത് അവർക്ക് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ, ഷീല നോട്ടമിടുന്ന മണ്ഡലത്തിലെ 15 ശതമാനം വരുന്ന മുസ്ലിം വോട്ടർമാരുടെ മനസ്സ് രണ്ടുതട്ടിലാണ്. ചോദിക്കുന്നവരെല്ലാം എ.എ.പിയോടും കോൺഗ്രസിനോടും താൽപര്യം പ്രകടിപ്പിക്കുന്നു. നടക്കാതെപോയ സഖ്യത്തെക്കുറിച്ച് സങ്കടപ്പെടുന്നു.
ഡൽഹിയിൽ വൻ സാന്നിധ്യമുള്ള പുർവാഞ്ചൽ സമൂഹത്തെ ലക്ഷ്യമിട്ടാണ് ബി.ജെ.പി ദേശീയ നേതൃത്വം ഭോജ്പുരി ഗായകനും ബിഹാർ സ്വദേശിയുമായ തിവാരിയെ തലസ്ഥാന നഗരിയിൽ എത്തിച്ചത്. ബിഹാർ, യു.പി എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ പുർവാഞ്ചൽ വിഭാഗക്കാർ നഗരത്തിൽ 40 ലക്ഷത്തിലധികമുണ്ടെന്നാണ് കണക്ക്. നോർത്ത് ഇൗസ്റ്റ് ഡൽഹിയിലെ പ്രധാന വോട്ട്ബാങ്കും പുർവാഞ്ചൽ വിഭാഗത്തിനാണ്. 2014ൽ 46.6 ശതമാനം വോട്ട് നേടിയാണ് തിവാരി കോൺഗ്രസിൽനിന്ന് മണ്ഡലം പിടിച്ചെടുത്തത്. എന്നാൽ, പുറംനാട്ടുകാരൻ എന്ന ആരോപണം എതിർപാർട്ടികൾ ഉയർത്തുന്നത് തിവാരിക്ക് വെല്ലുവിളിയാണ്.
ലോക്സഭയിൽ 35 ശതമാനവും പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 55 ശതമാനവും വോട്ടുലഭിച്ച ആപ് ഇൗ തെരഞ്ഞെടുപ്പിലും എല്ലാ വിഭാഗത്തിലും പ്രതീക്ഷയർപ്പിക്കുന്നുണ്ട്. കെജ്ിവാൾ സർക്കാർ നടപ്പാക്കിയ വികസനങ്ങളുടെ നീണ്ട നിരയുണ്ട് പാർട്ടിക്ക് വോട്ട്ചോദിക്കാൻ.
യു.പി അതിർത്തിയോട് ചേർന്നുകിടക്കുന്ന, ഇതര സംസ്ഥാനങ്ങളിൽ നിന്നും കുടിയേറിപ്പാർത്തവരും സാധാരണക്കാരിൽ സാധരണക്കാരുമുള്ള നോർത്ത് ഇൗസ്റ്റ് ഡൽഹിക്ക് മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് തിളക്കം കുറവാണ്. ഏറെ വ്യവസായ സ്ഥാപനങ്ങളുള്ള സീലാംപുർ, സീമപുരി, ബാബർപുർ എന്നിവിടങ്ങൾ മണ്ഡലത്തിലാണ്. ന്യൂനപക്ഷ വിഭാഗം തിങ്ങിപ്പാർക്കുന്ന അനധികൃത കോളനികളും ധാരാളമുണ്ട് മണ്ഡലത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.