മുംബൈ: നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് ജനുവരി മധ്യത്തോടെ പരിഹാരമാകാന്‍ സാധ്യത. കൂടുതല്‍ പുതിയ നോട്ടുകള്‍ അച്ചടിക്കുന്നതോടെ ഫെബ്രുവരി അവസാനമാകുമ്പോള്‍ പ്രതിസന്ധി പൂര്‍ണമായി ഇല്ലാതാകുമെന്നാണ് ബാങ്കിങ് രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
രാജ്യത്തെ നോട്ട് അച്ചടിശാലകളില്‍ നിലവിലെ വേഗതയില്‍ അച്ചടി പുരോഗമിക്കുകയാണെങ്കില്‍ ജനുവരി രണ്ടാം വാരത്തോടെ ഒമ്പത് ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിപണിയില്‍ ലഭ്യമാക്കാനാകുമെന്ന് മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. മൊത്തം പിന്‍വലിച്ച തുകയുടെ പകുതിയില്‍ അധികമാണ് ഇത്. ഫെബ്രുവരി രണ്ടാം വാരത്തോടെ 13 ലക്ഷം കോടി എത്തിക്കാനാകും.
ഇതോടെ പ്രതിസന്ധിക്ക് ഏറക്കുറെ പരിഹാരമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നോട്ട് പിന്‍വലിച്ച ശേഷം ഡിസംബര്‍ 10ന് അവസാനിച്ച ഒരു മാസത്തിനകം 4.6 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്തതായാണ് റിസര്‍വ് ബാങ്ക് വെബ്സൈറ്റില്‍ പറയുന്നത്.
നോട്ട് അസാധുവാക്കലിനെ മുന്‍ ധനമന്ത്രി പി. ചിദംബരം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്‍വലിക്കപ്പെട്ട മൊത്തം തുകക്ക് സമാനമായ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്യണമെങ്കില്‍ ഏഴ് മാസമെങ്കിലും എടുക്കുമെന്നാണ് അദ്ദേഹത്തിന്‍െറ അഭിപ്രായം. 500, 1000 രൂപയുടെ 2100 കോടി നോട്ടുകളാണ് അസാധുവാക്കിയത്.
നോട്ട് അച്ചടി ശാലകളില്‍ നിലവില്‍ പ്രതിമാസം 300 കോടി നോട്ടുകള്‍ അച്ചടിക്കാനുള്ള ശേഷിയാണുള്ളത്. 2100 കോടി നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ അച്ചടിക്കണമെങ്കില്‍ ഏഴ് മാസമെടുക്കും. അതിനാലാണ് സര്‍ക്കാര്‍ 2000 രൂപ നോട്ട് പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.