മുംബൈ: പ്രമുഖ എഴുത്തുകാരനും ചിന്തകനും മാധ്യമപ്രവർത്തകനുമായ മുസഫർ ഹുസൈൻ (78) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വിക്റോളിയിലെ ആശുപത്രിയിലാണ് മരണം. ജനുവരി 30നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഖബറടക്കം ബുധനാഴ്ച. ഭാര്യയും രണ്ടു മക്കളുമുണ്ട്.
രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ച മുസഫർ ഹുസൈൻ അറിയപ്പെടുന്ന കോളമിസ്റ്റാണ്. നിരവധി ദേശീയ, പ്രാദേശിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ സ്ഥിരമായി പ്രസിദ്ധീകരിച്ചിരുന്നു.
1940 മാർച്ച് 20ന് മധ്യപ്രദേശിൽ ജനിച്ച മുസഫർ ഹുസൈൻ പിന്നീട് മുംബൈയിേലക്ക് വരുകയായിരുന്നു. അധികം വൈകാതെ നിരവധി ഭാഷകളിൽ വിദഗ്ധനായി. സാഹിത്യ മേഖലയിൽ നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. 2002ലാണ് പത്മശ്രീ ലഭിച്ചത്. പത്രപ്രവർത്തന മേഖലയിലെ മികച്ച സേവനത്തിന് 2014ൽ മഹാരാഷ്ട്ര സർക്കാർ ‘ലോകമാന്യ തിലക് ജീവൻ ഗൗരവ്’ പുരസ്കാരം നൽകി ആദരിച്ചു.
ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിച്ചിരുന്ന മുസഫർ ഹുസൈൻ പല പുസ്തകങ്ങളിലും ഇസ്ലാമിക പാരമ്പര്യങ്ങളെ ചോദ്യം ചെയ്തു. അതുകൊണ്ടുതന്നെ ആർ.എസ്.എസ് ഇദ്ദേഹത്തെ പുകഴ്ത്തിയിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ആർ.എസ്.എസ് നേതാക്കളും നിര്യാണത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.