ഉമറിനെയും മെഹ്ബൂബയെയും കാണാൻ ബന്ധുക്കളെ അനുവദിച്ചതായി വിവരം

ശ്രീനഗർ: തടവിൽ കഴിയുന്ന ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് നേതാവ് ഉമർ അബ്ദുല്ലയെയും പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തിയെയും കാണാൻ ബന്ധുക്കളെ അനുവദിച്ചതായി വിവരം. ഒരു മാസത്തിന് ശേഷമാണ് രണ്ട് മുൻ മുഖ്യമന്ത്രിമാരെയും കാണാൻ ബന്ധുക്കൾക്ക് അവസരം ലഭിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്‍റെ ഭാഗമായി ആഗസ്റ്റ് അഞ്ചിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ശ്രീനഗറിലെ ഹരി നിവാസിലാണ് ഉമർ അബ്ദുല്ലയെ തടവിലിട്ടിരിക്കുന്നത്. ഈ ആഴ്ച രണ്ട് തവണ അദ്ദേഹത്തെ കാണാൻ ബന്ധുക്കൾക്ക് അവസരം ലഭിച്ചതായാണ് റിപ്പോർട്ടുകൾ. സഹോദരിയും മക്കളും ശനിയാഴ്ച 20 മിനുട്ടോളം ഉമറുമായി സംസാരിച്ചു.

മെഹ്ബൂബ മുഫ്തിയെ കാണാൻ അമ്മയ്ക്കും സഹോദരിക്കും വ്യാഴാഴ്ചയാണ് അവസരം ലഭിച്ചത്. ചശ്മേ ശാഹിയിലെ ടൂറിസം വകുപ്പിന് കീഴിലുള്ള കെട്ടിടത്തിലാണ് മെഹ്ബൂബ തടവിലുള്ളത്. ഈ കെട്ടിടം സബ് ജയിലായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഉന്നത ഉദ്യോഗസ്ഥരെ കണ്ട് നിരവധി തവണ അഭ്യർഥിച്ച ശേഷമാണ് ബന്ധുക്കൾക്ക് നേതാക്കളെ കാണാൻ അവസരം ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഉമർ അബ്ദുല്ലയുടെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയും വീട്ടുതടങ്കലിൽ കഴിയുകയാണ്. വീട്ടിലെ ടെലിഫോൺ സൗകര്യം വിച്ഛേദിച്ചിട്ടുണ്ട്.

തടവിൽ കഴിയുന്ന നേതാക്കളെ പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കുന്നില്ല. പത്രം വായിക്കാനോ വാർത്താ ചാനലുകൾ കാണാനോ അനുവദിക്കുന്നില്ല. ഉമർ അബ്ദുല്ലക്ക് സിനിമകൾ കാണാനായി ഡി.വി.ഡി പ്ലെയർ നൽകിയിട്ടുണ്ട്. അദ്ദേഹം പുസ്തക വായനയിൽ മുഴുകുന്നതായും ഹരി നിവാസിൽ പതിവ് നടത്തത്തിന് ഇറങ്ങുന്നതായും ബന്ധപ്പെട്ടവർ പറയുന്നു.

കശ്മീരിലെ നിയന്ത്രണങ്ങൾ പതിയെ പിൻവലിക്കുമെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും തടവിൽ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ എപ്പോൾ മോചിപ്പിക്കുമെന്ന കാര്യത്തിൽ ഒരു സൂചനയുമില്ല. തടവിൽ കഴിയുന്നത് ഉമർ അബ്ദുല്ലക്കും മെഹ്ബൂബ മുഫ്തിക്കും കൂടുതൽ വോട്ട് നേടാൻ സഹായകമാകുമെന്ന് കശ്മീർ ഗവർണർ സത്യപാൽ മലിക് കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു.

Tags:    
News Summary - Omar Abdullah, Mehbooba Mufti Finally Allowed To Meet Relatives -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.