ചെന്നൈ: സംസ്ഥാന സർക്കാറിനും കേന്ദ്ര സർക്കാറിനും ഒരേ വിഷയത്തിൽ വ്യത്യസ്ത നിലപാടാണുള്ളതെങ്കിൽ കേന്ദ്രത്തിനൊപ്പം നിൽക്കണമെന്ന് സിവിൽ സർവിസ് ഉദ്യോഗാർഥികളോട് തമിഴ്നാട് ഗവർണർ ആർ.എൻ. രവി. തമിഴ്നാട് സർക്കാറുമായുള്ള പോര് മുറുകുന്നതിനിടെയാണ് ഗവർണറുടെ പരാമർശം.
'കേന്ദ്ര-സംസ്ഥന സർക്കാറുകൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ സിവിൽ സർവിസ് ഉദ്യോഗാർഥികൾ തീർച്ചയായും കേന്ദ്രത്തിനൊപ്പം നിൽക്കണം.' - ഗവർണർ പറഞ്ഞു. നിരവധി ഭാഷകൾ പഠിക്കുന്നത് നല്ലതാണെന്നും ഇന്ത്യയിൽ ഭൂരിഭാഗം ആളുകളും ഹിന്ദി സംസാരിക്കുന്നതിനാൽ ആ ഭാഷ പഠിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിനിടെ ആർ.എൻ രവി നിയമസഭയിൽനിന്ന് ഇറങ്ങിപോയിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മാറ്റം വരുത്തിയതിൽ ഭരണകക്ഷി അംഗങ്ങൾ പ്രതിഷേധിച്ചതിനു പിന്നാലെയാണ് സഭയിൽ നിന്ന് ഇറങ്ങി പോയത്. തമിഴ്നാടിന്‍റെ പേരുമാറ്റി തമിഴകം എന്നാക്കണമെന്നും ഗവർണർ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, പൊങ്കൽ ആഘോഷത്തിന്‍റെ ഭാഗമായി ഗവർണർ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനയച്ച ക്ഷണക്കത്തിൽ തമിഴ്നാട് എന്നതിന് പകരം തമിഴകം എന്നപേരാണ് ഉപയോഗിച്ചത്. സർക്കാറിന്‍റെ ചിഹ്നങ്ങൾക്കുപകരം കത്തിൽ കേന്ദ്ര സർസർക്കാറിന്‍റെ ചിഹ്നങ്ങൾ മാത്രമാണുള്ളത്. ഗവർണർക്കെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. 'ഗെറ്റ് ഔട്ട് രവി' എന്ന കുറിപ്പോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഡി.എം.കെ പ്രവർത്തകർ പോസ്റ്റർ പതിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.