ന്യൂഡൽഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതി നടപ്പാക്കാനുള്ള രണ്ട് ബില്ലുകൾക്ക് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകി. ബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.
ഓരോ സെൻസസിന് ശേഷവും ഓരോ സംസ്ഥാനങ്ങൾക്കും അനുവദിച്ച ലോക്സഭാ സീറ്റുകളിൽ വ്യത്യാസം വരുത്തുന്ന തരത്തിൽ ഭരണഘടനയുടെ 82-ാം അനുച്ഛേദം ഭേദഗതി ചെയ്യാനുള്ളതാണ് ഇതിലൊരു ബിൽ. ഓരോ സംസ്ഥാന നിയമസഭകളുടെയും കാലാവധി നീട്ടാനും വെട്ടിച്ചുരുക്കാനുമുള്ള നിയമഭേദഗതിയും ഒരു ബില്ലിലുണ്ട്.
ഇതോടൊപ്പം സംസ്ഥാന നിയമസഭകളുടെയും ലോക്സഭയുടെയും കാലാവധി സമീകരിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു. പൂർണ സംസ്ഥാന പദവിയില്ലാത്ത പുതുച്ചേരി, ഡൽഹി, ജമ്മു- കശ്മീർ എന്നീ സംസ്ഥാന നിയമസഭകൾക്കായി പ്രത്യേക നിയമഭേദഗതിയുമുണ്ട്.
15 സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമില്ലാത്ത തരത്തിലാണ് നിയമഭേദഗതികൾ കൊണ്ടുവരുന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ലോക്സഭ- നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം നടത്തുന്ന നിയമ ഭേദഗതി കൊണ്ടുവരുമ്പോൾ സംസ്ഥാന നിയമസഭകളുടെ അംഗീകാരം വേണ്ടിവരുമെന്നും അതിനാൽ ഈഘട്ടത്തിൽ അതുൾപ്പെടുത്തില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, സംസ്ഥാന നിയമസഭകളുടെ അനുമതിയില്ലാതെ ഇത്തരമൊരു ഭേദഗതി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനെതിരാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന നിയമസഭ പിരിച്ചുവിടുക, ഏതെങ്കിലും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക തുടങ്ങിയ സാഹചര്യങ്ങളിൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം സർക്കാർ നൽകിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.