‘ഇനി 400 ദിവസം മാത്രം; തെരഞ്ഞെടുപ്പിനിറങ്ങൂ’; മോദിയുടെ ആഹ്വാനത്തോടെ നിർവാഹക സമിതി സമാപിച്ചു

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് 400 ദിവസം മാത്രമാണുള്ളതെന്നും നേതാക്കൾ വോട്ടർമാരിലേക്കിറങ്ങണമെന്നുമുള്ള പ്രധാനമന്ത്രിയുടെ ഓർമപ്പെടുത്തലോടെ ബി.ജെ.പി ദേശീയ നിർവാഹക സമിതി ഡൽഹിയിൽ സമാപിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് 18-25 പ്രായക്കാർ, പസ്മാന്ത മുസ്‍ലിംകൾ, ബൊഹ്റകൾ, സിഖുകാർ എന്നിവരിലേക്ക് പ്രത്യേകം ഇറങ്ങിച്ചെല്ലണമെന്നും ബി.ജെ.പി നേതാക്കളോടും അംഗങ്ങളോടും നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

‘‘നമുക്കിനി 400 ദിവസം മാത്രമാണുള്ളത്. ജനത്തെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണം. ചരിത്രം സൃഷ്ടിക്കണം. 18നും 25നുമിടയിൽ പ്രായമുള്ളവരിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അവർക്ക് ചരിത്രവും ദുർഭരണവും സദ്ഭരണത്തിലേക്ക് നീങ്ങിയതെങ്ങനെയെന്നൊന്നും അറിയില്ല. അവരിൽ അതേക്കുറിച്ച് ജാഗ്രതയുണ്ടാക്കണം.

ഗ്രാമങ്ങളിൽ സംഘടനയെ ശക്തിപ്പെടുത്തണം. ജീവിതത്തിന്റെ എല്ലാ തുറകളിലുള്ള ജനങ്ങളെയും നേതാക്കൾ കാണണം. പാർട്ടി അംഗങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗവുമായി ബന്ധപ്പെടണം. ബി.ജെ.പി ഇനിയേറെ നാൾ കേവലം ഒരു രാഷ്ട്രീയ പാർട്ടി മാത്രമായിരിക്കില്ല. സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ മാറ്റാനുള്ള ഒരു സാമൂഹിക പ്രസ്ഥാനമായിരിക്കും. ഇന്ത്യയുടെ എറ്റവും നല്ല കാലം വരുകയാണ്. അതിനായി സമർപ്പിക്കണം. എല്ലാ പ്രവർത്തകരും അത്യധ്വാനം ചെയ്യണം. മോദി വന്നാൽ ജയിക്കുമെന്ന മനഃസ്ഥിതി ഒഴിവാക്കണം’’- മോദി ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ക്കിടെ നടന്ന നിർവാഹക സമിതിയിൽ ബി.ജെ.പി ‘ബി.ജെ.പി ജോഡോ കാമ്പയിൻ’ (ബി.ജെ.പിയിൽ ഒന്നിക്കൂ കാമ്പയിൻ) നടത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു . അതിനായി പ്രാഥമികതലത്തിലുള്ള പാർട്ടി അംഗങ്ങളുടെ യോഗം ജില്ലതലങ്ങളിൽ വിളിക്കണം. എല്ലാ സംസ്ഥാനങ്ങളെയും സംസ്കാരങ്ങളെയും ഒരുമിപ്പിക്കാൻ ‘കാശി തമിൾ സംഘം’ പോലെ പരിപാടികൾ സംഘടിപ്പിക്കും.

മോദിയുടെ സദ്ഭരണ കാലയളവിൽ കേരളം ഉൾപ്പെടുന്ന ദക്ഷിണ സംസ്ഥാനങ്ങളുടെ മുഖച്ഛായ മാറിയെന്നും പ്രവാസി ക്ഷേമവും സുരക്ഷയും വിദേശത്ത് തടവിലായവരുടെ മോചനവും ഉറപ്പാക്കിയെന്നും സാമൂഹിക സാമ്പത്തിക പ്രമേയത്തെ പിന്തുണച്ച് സംസാരിച്ച കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് പ്രമേയം അവതരിപ്പിച്ചത്.

Tags:    
News Summary - 'Only 400 days to go; Go to the polls'; The BJP executive committee concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.