ന്യൂഡൽഹി: നിയമകാര്യ തൊഴിൽ രംഗം നിയന്ത്രിക്കുന്നതിനും ഇടനിലക്കാരെ ഒഴിവാക്കുന്നതിനും ലക്ഷ്യമിടുന്ന അഡ്വക്കേറ്റ്സ് നിയമഭേദഗതി ബിൽ രാജ്യസഭക്കു പിന്നാലെ ലോക്സഭയും പാസാക്കി. കള്ളസാക്ഷി പറയാനും മറ്റും പണം കൊടുത്ത് അഭിഭാഷകർക്ക് ആളെ തരപ്പെടുത്തിക്കൊടുക്കുന്ന ദല്ലാളന്മാർക്കെതിരെ കുറ്റം ചുമത്താൻ ജില്ല, ഹൈകോടതി ജഡ്ജിമാരെ അധികാരപ്പെടുത്തുന്ന നിയമനിർമാണമാണിത്. അനീതി എവിടെയും നീതിക്ക് ഭീഷണിയാണെന്ന് കോൺഗ്രസിലെ കാർത്തി ചിദംബരം പറഞ്ഞു. നിയമ സംവിധാനവുമായി ഇടപെടുന്നതിലെ സങ്കീർണതയാണ് ദല്ലാളന്മാർക്ക് സഹായമാവുന്നത്.
ദല്ലാളന്മാർക്ക് ബില്ലിൽ വ്യവസ്ഥ ചെയ്യുന്ന ശിക്ഷ ലഘുവാണെന്ന് ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്താൻ പാർലമെന്‍റ് ദുരുപയോഗിക്കുകയാണ് സർക്കാറെന്ന് ഡി.എം.കെയിലെ എ. രാജ പറഞ്ഞു. നീതിപീഠത്തിലെ അഴിമതി തടയാൻ വ്യക്തമായൊരു നിയമം സർക്കാർ കൊണ്ടുവന്നിട്ടില്ലെന്നിരിക്കേ, ഈ ബില്ലിന് ഒരർഥവുമില്ല.
വഴിവിട്ട പ്രവണതകൾ കണ്ടറിഞ്ഞ് യഥാർഥ പ്രതികളെ ശിക്ഷിക്കുന്നതിനുപകരം മറ്റുള്ളവരുടെ പേരു ചേർക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുസ്ലിം ലീഗ് പാർലമെന്‍ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. മേൽകോടതികളിൽ പ്രത്യേകിച്ചും പട്ടികജാതി-വർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ അടിയന്തര നടപടി വേണം. ഉയർന്ന കോടതികളിൽനിന്ന് വിരമിച്ചപാടേ സർക്കാർ പദവികൾ ജഡ്ജിമാർക്ക് വെച്ചുനീട്ടുന്ന രീതി പുനഃപരിശോധിക്കണം. വിരമിച്ച ശേഷവും വലിയ ആനുകൂല്യങ്ങൾ കിട്ടുമെന്ന തോന്നൽ ഉണ്ടാക്കുന്നത് ദുഃസ്വാധീനിക്കലാണ്; നീതിപീഠ സുതാര്യതക്ക് വിരുദ്ധമാണ്. ജുഡീഷ്യൽ സ്വാതന്ത്ര്യവും പക്ഷപാതവും ഒരുപോലെ ചർച്ച ചെയ്യേണ്ട വിഷയങ്ങളാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
ജൂനിയർ അഭിഭാഷകർക്ക് പ്രതിമാസം 25,000 രൂപയിൽ കുറയാത്ത ഇന്‍റേൺഷിപ് അലവൻസ് നൽകാനുള്ള പദ്ധതി രൂപപ്പെടുത്തണമെന്ന് ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. മെഡിക്കൽ പ്രഫഷൻ ഉൾപ്പെടെ വിവിധ മേഖലകളിൽ സമാന സ്വാഭാത്തിലുള്ള ആനുകൂല്യങ്ങളുണ്ട്. ജുഡീഷ്യൽ അർധ ജൂഡീഷ്യൽ സ്വഭാവമുള്ള അതോറിറ്റികളിൽ അഭിഭാഷകരുടെ സേവനം പരിമിതപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻവാങ്ങണം. അഭിഭാഷകരും പൊലീസുമായുള്ള സംഘർഷം വർധിക്കുന്നതിനാൽ അഭിഭാഷകരുടെ സൂരക്ഷ ഉറപ്പുവരുത്തുന്ന നിയമനിർമാണം വേണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.