ന്യൂഡൽഹി: അജണ്ട ഇനിയും വെളിപ്പെടുത്താത്ത പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ സർവകക്ഷിയോഗം വിളിച്ചു. പ്രത്യേക സമ്മേളനം തുടങ്ങുന്നതിന്റെ തലേദിവസമായ 17ന് എല്ലാ പാർട്ടികളുടെയും സഭാനേതാക്കളുടെ യോഗം വിളിച്ച കാര്യം കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അറിയിച്ചത്. ആദ്യദിവസം പഴയ പാർലമെന്റ് മന്ദിരത്തിലും രണ്ടാം ദിവസം തൊട്ട് പുതിയ പാർലമെന്റ് മന്ദിരത്തിലും നടത്തുന്ന സമ്മേളനം പ്രതിപക്ഷം പ്രക്ഷുബ്ധമാക്കും.
18ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി വിളിച്ച സർവകക്ഷികളുടെയും സഭാനേതാക്കളുടെ യോഗം 17ന് വൈകീട്ട് നടക്കുമെന്ന് മന്ത്രി സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു. യോഗത്തിനുള്ള ക്ഷണം എല്ലാ നേതാക്കൾക്കും ഇ- മെയിലിൽ അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സർവകക്ഷിയോഗം വിളിച്ചിട്ടും സമ്മേളന അജണ്ട എന്താണെന്ന് വെളിപ്പെടുത്താൻ സർക്കാർ തയാറായിട്ടില്ല.
‘ഇന്ന് സെപ്റ്റംബർ 13 ആയെന്നും അഞ്ച് ദിവസം കഴിഞ്ഞാൽ പാർലമെന്റ് സമ്മേളനം തുടങ്ങുകയാണെന്നും ഒരു മനുഷ്യനല്ലാതെ (തീർച്ചയായും മറ്റൊരാളും കൂടി) അല്ലാതെ വേറെ ആർക്കും അജണ്ടയെന്താണെന്ന് ഒരു പിടിയുമില്ല’ എന്ന് കോൺഗ്രസ് മാധ്യമവിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു. കഴിഞ്ഞ കാലങ്ങളിലെല്ലാം പാർലമെന്റിന്റെ പ്രത്യേക സമ്മേളനങ്ങളുടെ അജണ്ട എല്ലാവർക്കും മുന്നേ അറിയുമായിരുന്നുവെന്നും പാർലമെന്ററി കീഴ്വഴക്കങ്ങളെല്ലാം അട്ടിമറിച്ചത് മോദിസർക്കാർ ആണെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.