ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അടക്കം കേന്ദ്ര മന്ത്രിമാർക്കുമായി പാർലമെന്റ് വളപ്പിൽ ‘സബർമതി റിപ്പോർട്ട്' സിനിമയുടെ പ്രത്യേക പ്രദർശനം നടത്തി. പാർലമെന്റ് ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച പാർലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞ ശേഷം വൈകീട്ടായിരുന്നു പ്രദർശനം.
2002ലെ ഗുജറാത്ത് വംശഹത്യക്ക് തുടക്കമിട്ട ഗോധ്ര സബർമതി ട്രെയിൻ തീവെപ്പിൽ ബി.ജെ.പി നിലപാടിനെ പിന്തുണക്കുന്നതാണ് സിനിമ. നേരത്തെ സിനിമയെ പ്രശംസിച്ച് മോദിയും അമിത് ഷായും അടക്കമുള്ള ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിരുന്നു.
ധീരജ് സർണ സംവിധാനം ചെയ്ത സിനിമയിൽ ബോളിവുഡ് താരം വിക്രാന്ത് മാസിയാണ് നായകൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിനിമ പുറത്തിറങ്ങിയത്. റാഷി ഖന്ന, റിധി ഡോഗ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
2002ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ഗോധ്ര ട്രെയിൻ തീവെപ്പുണ്ടാകുന്നത്. അയോധ്യയിൽനിന്ന് മടങ്ങുകയായിരുന്ന 50ലധികം കർസേവകരാണ് കൊല്ലപ്പെട്ടത്. മുസ്ലിം ജനക്കൂട്ടമാണ് തീവെച്ചതെന്നായിരുന്നു ഗുജറാത്ത് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ, അപകടമാണെന്നും വാദം ഉയർന്നിരുന്നു. യു.പി.എ സർക്കാർ നിയോഗിച്ച അന്വേഷണസമിതി അപകടമാണെന്ന വാദത്തെയാണ് പിന്തുണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.