ബംഗളൂരു: മക്കൾക്ക് നൽകിയ ലേണിങ് ആപിനും പഠനോപകരണങ്ങൾക്കും ഗുണനിലവാരം കുറഞ്ഞതിനെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചയാൾക്ക് അടച്ച 99,000 രൂപയും നഷ്ടപരിഹാരമായി 30,000 രൂപയും തിരികെ നൽകാൻ വിധി. മഞ്ജു ആർ എന്നയാളുടെ പരാതിയിലാണ് നടപടി.
2021ൽ, 'ബൈജൂസ്' ലേണിങ് ആപ് പ്രതിനിധികൾ മഞ്ജുവിന്റെ വീട് സന്ദർശിക്കുകയും സ്‌കൂൾ പഠനത്തിനായി മകനും മകൾക്കും വേണ്ടിയുള്ള അവരുടെ ലേണിങ് ആപ് സബ്‌സ്‌ക്രൈബ് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. 2021 ജൂലൈ 25ന്, മഞ്ജുവും ബന്ധുവായ മധുസൂധനയും 99,000 രൂപക്ക് ആപ് സബ്‌സ്‌ക്രൈബ് ചെയ്തു.
ഓൺലൈൻ പഠനത്തിനായി 25,000 രൂപ വിലയുള്ള രണ്ട് ടാബ്‌ലറ്റുകൾ ഇവർ നൽകിയിരുന്നു. എന്നാൽ, ഇവ ഗുണനിലവാരം കുറഞ്ഞതാണെന്നും ഇതിനും മറ്റു പഠന സാമഗ്രികൾക്കും തങ്ങൾ നൽകിയ വിലയില്ലെന്നും തിരിച്ചറിഞ്ഞു. തുടർന്ന് ഇരുവരും തങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ റദ്ദാക്കണമെന്നും പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇ-മെയിൽ വഴിയും ഫോൺ വഴിയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
പിന്നീട്, ബൈജൂസ് നടത്തുന്ന തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പരാതിയുമായി മഞ്ജുവും മധുസൂധനയും ബംഗളൂരു റൂറൽ ആൻഡ് അർബൻ ഒന്നാം അഡീഷനൽ ജില്ല ഉപഭോക്തൃ തർക്കപരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു. വക്കീൽ നോട്ടീസ് നൽകിയിട്ടും ആപ് അധികൃതർ ഫോറത്തിന് മുമ്പാകെ ഹാജരായില്ല. തുടർന്നാണ് ആപ്പിന്റെ എം.ഡി ഉപഭോക്താവിന് 12 ശതമാനം പലിശ സഹിതം 99,000 രൂപ തിരികെ നൽകണമെന്ന് കോടതി വിധിച്ചത്. ഉപഭോക്താക്കൾക്കുണ്ടായ നഷ്ടങ്ങൾക്കായി 25,000 രൂപയും വ്യവഹാര ചെലവിനത്തിൽ 5,000 രൂപയും നൽകാനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.