ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വന്നിറങ്ങുന്ന സമയത്ത് ചെന്നൈ വിമാനത്താവളത്തിന് പുറത്തെ സ്ട്രീറ്റ് ലൈറ്റുകൾ ഓഫായതിൽ രാഷ്ട്രീയവിവാദം. അമിത് ഷാ വരുന്ന സമയത്ത് വൈദ്യുതി തടസമുണ്ടായതിൽ അന്വേഷണം വേണമെന്നാണ് ബി.ജെ.പി ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് അവർ പ്രതിഷേധവും സംഘടിപ്പിച്ചു. സുരക്ഷാവീഴ്ചയാണ് ചെന്നൈയിലുണ്ടായതെന്നാണ് ബി.ജെ.പി ആരോപണം.
അതേസമയം, വൈദ്യുതി തടസ്സം മനപ്പൂർവം ഉണ്ടായതല്ലെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു. വൈദ്യുതി തടസത്തെ രാഷ്ട്രീയവിവാദമായി ഉയർത്തികൊണ്ടു വരാനാണ് ബി.ജെ.പി ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ഒരു മാസമായി വൈദ്യുതി ഉപഭോഗം കൂടുതലാണ്. കനത്ത ചൂടുള്ളതിനാൽ സാധാരാണയിലേറെ ജനങ്ങൾ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഇതുമൂലം പവർകട്ടുകളുമുണ്ടാവുന്നു. ബി.ജെ.പി ചിലപ്പോൾ ഇത് സി.ബി.ഐയെ ഏൽപ്പിച്ചേക്കാം. വിവാദത്തിൽ നിന്നും രാഷ്ട്രീയനേട്ടമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഇളങ്കോവൻ കുറ്റപ്പെടുത്തി.
230 കെ.വി ഹൈ-ടെൻഷൻ ലൈനിലുണ്ടായ തകരാറാണ് വൈദ്യൂതി തടസത്തിന് കാരണമെന്ന് തമിഴ്നാട് വൈദ്യുതി ബോർഡ് അറിയിച്ചു. എയർപോർട്ട് ഭാഗത്ത് മാത്രമല്ല പൊരുർ, സെൻ് തോമസ് മൗണ്ട് തുടങ്ങി നിരവധി പ്രദേശങ്ങളിലും വൈദ്യുതി തടസമുണ്ടായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.