ടി.വി അവതാരകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളിൽ അന്വേഷണം ആവശ്യപ്പെട്ട് പുൽവാമ രക്തസാക്ഷികളുടെ ബന്ധുക്കൾ. വാട്സാപ്പ് ചാറ്റുകളിൽ പുൽവാമയിൽ നടന്ന രാജ്യത്തിനെതിരായ ഭീകരാക്രമണത്തിൽ സന്തോഷം പ്രകടിപ്പിച്ച് അർണബ് രംഗത്തെത്തിയതോടെയാണ് സൈനികരുടെ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ടത്. പുൽവാമ ഭീകരാക്രമണത്തെകുറിച്ച് 'വലിയ വിജയം' എന്നാണ് ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ്ഗുപ്തയോട് അർണബ് പറയുന്നത്. 'നമ്മൾ ഇത്തവണ വിജയിക്കും' എന്നും പുൽവാമ ആക്രമണം അറിഞ്ഞ അർണബ് ആവേശത്തോടെ പ്രതികരിക്കുന്നുണ്ട്.
ചാവേർ ബോംബർ ഓടിച്ച കാർ സൈന്യം സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറ്റിയുണ്ടായ സ്ഫോടനത്തിൽ 40 പട്ടാളക്കാരാണ് വീരമൃത്യുവരിച്ചത്. പുൽവാമക്ക് തിരിച്ചടിയായി ഇന്ത്യൻ സൈന്യം രഹസ്യമായി നടത്തിയ ബാലാക്കോട്ട് ആക്രമണം മൂന്ന് ദിവസംമുമ്പുതന്നെ അർണബ് അറിഞ്ഞിരുന്നതായും ചാറ്റുകൾ സൂചിപ്പിക്കുന്നു. ബാലകോട്ട് ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് വാട്‌സ്ആപ്പ് ചാറ്റിൽ 'വലിയ എന്തെങ്കിലും സംഭവിക്കും' എന്ന് അർണബ് പറയുന്നുണ്ട്. 'സാധാരണ ഉള്ളതിനേക്കാൾ വലുത് സംഭവിക്കും' എന്നാണ് അർണബ് പാർത്തോദാസിനോട് പറയുന്നത്. 2019 ഫെബ്രുവരി 23ന് നടന്ന വാട്സാപ്പ് ചാറ്റിലാണിത് പറയുന്നത്.
മൂന്ന് ദിവസത്തിന് ശേഷം, 2019 ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേന പാകിസ്താൻ പട്ടണമായ ബാലകോട്ടിൽ ജയ്ഷെ മുഹമ്മദ് പരിശീലന ക്യാമ്പിനുനേരേ ആക്രമണം നടത്തി. അർബണിന്‍റെ ചാറ്റിനെപറ്റി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും വളരെയേറെ മനുഷ്യത്വരഹിതമാണ് ഇത്തരം പ്രതികരണങ്ങളെന്നും പുൽവാമ രക്തസാക്ഷിയുടെ മകൾ അപൂവ്വ റാവത്ത് പറഞ്ഞു. ദേശീയസുരക്ഷയെ പരിഹസിക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നും ബാലാക്കോട്ടിനെപറ്റി ഒരു മാധ്യമപ്രവർത്തകൻ നേരത്തേ അറിഞ്ഞു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അപൂവ്വ പറഞ്ഞു. നിങ്ങളുടെ ചാനലിന്‍റെ ടി.ആർ.പി വർധിപ്പിക്കുന്നതിനുവേണ്ടി 40 സൈനികരുടെ മരണം ഉപയോഗിക്കുന്നതിനേക്കാൾ വലിയ മനുഷ്യത്വരഹിതമായ സംഗതി ഒന്നുമില്ലെന്നും അപൂർവ്വ പറഞ്ഞു.
രാജ്യത്തെ വീര സൈനികരുടെ മരണം തന്‍റെ ചാനലിന്‍റെ റേറ്റിങ് വർധിപ്പിക്കുന്നതിനുള്ള മാർഗമായി കണ്ട അർണബിന് നാണമുണ്ടോ എന്ന് രക്തസാക്ഷിയായ സൈനികന്‍റെ ഭാര്യാ മാതാവ് സുബൈദ ബീഗം പ്രതികരിച്ചു. മരിച്ച സൈനികൻ കുൽദീപ് റാട്ടിയുടെ സഹോദരൻ പ്രതാപ് റാട്ടി സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യെപ്പട്ടു. ഒന്നുകിൽ അർണബിന് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുണ്ട്, അല്ലെങ്കിൽ രാജ്യത്തെ ഉന്നതർ വിവരം ചോർത്തി നൽകി. രണ്ടാണെങ്കിലും ഗുരുതരമായ സംഗതിയാണെന്നും പ്രതാപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.