ന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി സംയുക്ത കിസാൻ മോർച്ച. സംഭവത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും കർഷക സംഘടന ആവശ്യപ്പെട്ടു.
'ജനുവരി 26ലെ കർഷകരുടെ കിസാൻ പരേഡുമായി ബന്ധെപ്പട്ട് നടന്ന അക്രമത്തിൽ ഉന്നതതല ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെടുന്നു. കേന്ദ്രസർക്കാറും ഡൽഹി പൊലീസും ഗൂഡാലോചന നടത്തിയാണ് മുൻകൂട്ടി നിശ്ചയിച്ച പാതകൾ അടച്ചിട്ടത്. ഇതിലെ ഗൂഡാലോചന അന്വേഷിക്കണം' -കിസാൻ മോർച്ച പാനൽ കൺവീനർ പ്രേം സിങ് ബങ്കു പറഞ്ഞു.
കേന്ദ്രത്തിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന 41 കർഷക സംഘടനകളുടെ കൂട്ടായ്മയാണ് സംയുക്ത കിസാൻ മോർച്ച.
കർഷക സമരത്തെ അടിച്ചമർത്താനാണ് കേന്ദ്രത്തിന്‍റെ ശ്രമം. കേന്ദ്രം മനുഷ്യാവകാശ ലംഘനം നടത്തുകയും ചെയ്തു. കൂടാതെ ഡൽഹി പൊലീസ് സമാധാനപരമായ പ്രതിഷേധം ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും കർഷക സംഘടനകൾ പറഞ്ഞു.
വ്യാജ കേസുകളിൽ ഉൾപ്പെടുത്തി ഡൽഹിയിലെ ജയിലുകളിൽ അടച്ചിട്ടിരിക്കുന്ന നേതാക്കളെയും കർഷകരെയും ഉടൻ മോചിപ്പിക്കണം. വ്യാജ കേസുകളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ കർഷകർക്ക് അയച്ച നോട്ടീസുകൾ പിൻവലിക്കണം. കൂടാതെ പൊലീസ് പിടിച്ചെടുത്ത ട്രാക്ടറുകൾ ഉടൻ വിട്ടുനൽകണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.