റഫാൽ വിമാനത്തിന്‍റെ എണ്ണം മോദി എന്തിന് കുറച്ചെന്ന് എ.കെ. ആന്‍റണി

ന്യൂഡൽഹി: 126 റഫാൽ യുദ്ധ വിമാനങ്ങൾക്ക് പകരം 36 എണ്ണം വാങ്ങാനുള്ള കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസുരക്ഷ അവതാളത്തിലാക്കിയെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി. അയൽ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണി നേരിടാൻ 126 യുദ്ധവിമാനങ്ങൾ വേണമെന്ന് വ്യോമസേന ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് അത്ര എണ്ണം വാങ്ങാനുള്ള നടപടിയുമായി യു.പി.എ സർക്കാർ മുന്നോട്ടു നീങ്ങിയത്. എന്നാൽ, 2015ൽ ഫ്രാൻസിലേക്ക് നേരിട്ട് പോയ മോദി കരാർ 36 എണ്ണമായി കുറച്ചെന്നും ആന്‍റണി പറഞ്ഞു.

എണ്ണം കുറക്കാന്‍ മോദിയെ അധികാരപ്പെടുത്തിയത് ആരാണെന്നും അറിയണം. പ്രതിരോധ ഇടപാടുകളിൽ ഇത്തരത്തിൽ സ്വന്തം നിലയിൽ തീരുമാനങ്ങളെടുക്കാൻ പ്രധാനമന്ത്രിക്ക് അവകാശമില്ല. റഫാൽ ഇടപാടിന് താനാണ് 2013ൽ തടസം സൃഷ്ടിച്ചതെന്ന പ്രതിരോധ മന്ത്രി നിർമല സീതാരാമന്‍റെ വാദം അടിസ്ഥാന രഹിതമാണ്. യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ എച്ച്.എ.എല്ലിന് അറിയില്ലെന്ന പ്രതിരോധ മന്ത്രിയുടെ പ്രസ്താവന ആ സ്ഥാപനത്തിന്‍റെ യശസിന് കളങ്കമുണ്ടാക്കിയെന്നും ആന്‍റണി ആരോപിച്ചു.

വിമാന ഇടപാടില്‍ മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്തു. യു.പി.എ സര്‍ക്കാറിനെക്കാള്‍ വിലകുറച്ചാണ് വിമാനങ്ങള്‍ വാങ്ങിയതെങ്കില്‍ എന്തിനാണ് വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചതെന്ന് മോദി വ്യക്തമാക്കണം. റഫാല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നു. ജെ.പി.സി അന്വേഷണത്തെ എതിര്‍ക്കുന്നതിലൂടെ സര്‍ക്കാറിന് എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാണെന്നും ആന്‍റണി കൂട്ടിച്ചേർത്തു.

Tags:    
News Summary - Rafale Deal: AK Antony attack to Narendra Modi -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.