ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ റിലയൻസിനെ ഉൾപ്പെടുത്തിയതിന് പിന്നിൽ മോദി സർക്കാറിന്‍റെ സമ്മർദ്ദമാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. കരാർ സംബന്ധിച്ച ആരോപണം ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷൻ നിഷേധിക്കുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് ബ്ലോഗായ പോർടെയ്ൽ ഏവിയേഷൻ നിർണായക രേഖകൾ പുറത്തുവിട്ടത്. ദസോ ഏവിയേഷന്‍റെ ഭാഗമായ സി.എഫ്.ഡി.ടി, സി.ജി.ടി എന്നിവയുടെ രേഖകളിൽ 2017 മേയ് 11ന് ചേർന്ന യോഗത്തിന്‍റെ വിവരങ്ങളാണ് ഉള്ളത്.
മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് നാഗ്പൂരിൽ ആസ്ഥാനമായി ദസോ-റിലയൻസ് എയ്റോ സ്പേസ് എന്ന സ്ഥാപനം സ്ഥാപിച്ചതെന്ന് സി.ജി.ടി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. റഫാൽ വിമാനം നൽകുന്നതിനുള്ള കയറ്റുമതി ഇടപാടിന് പകരമായി ഇന്ത്യൻ സ്ഥാപനത്തെ അംഗീകരിക്കുക അനിവാര്യമായിരുന്നുവെന്ന് ലോയിക് സിഗലൻ ഇതിൽ വ്യക്തമാക്കുന്നു. ഇടപാടിന് പകരമെന്ന് വ്യക്തമാക്കാൻ 'കോൺട്രിപാർട്ടി' (പ്രതിഫലം) എന്ന ഫ്രഞ്ച് വാക്കാണ് യോഗത്തിന്‍റെ മിനുട്ട്സിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് റഫാൽ ഇടപാടിലെ റിലയൻസ് പങ്കാളിത്തം കേന്ദ്രസർക്കാർ ആവശ്യപ്പെട്ട പ്രകാരമായാണ് ചൂണ്ടിക്കാട്ടുന്നതെന്ന് എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്യുന്നു.
സി.എഫ്.ഡി.ടി പ്രസ്താവനയിലും സമാന രീതിയിലുള്ള പരാമർശമാണ് ഉള്ളത്. മെയ്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഇന്ത്യയുടെ ആവശ്യപ്രകാരം ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് റിലയൻസിനെ പങ്കാളിയാക്കിയത് മിനുട്ട്സ് വിവരിക്കുന്നു.
ഇന്ത്യൻ വിപണി പിടിക്കാനുള്ള വഴിയായതിനാൽ ഫ്രഞ്ച് ആയുധ നിർമാണ കമ്പനി നിർബന്ധത്തിന് വഴങ്ങുകയായിരുന്നു. റഫാൽ ഇടപാടിൽ കൂടെനിന്ന ഉദ്യോഗസ്ഥർക്ക് പ്രത്യുപകാരം നൽകിയും എതിരെ നിന്നവരെ ശിക്ഷിച്ചും മോദി സർക്കാർ മാറ്റിയെഴുതുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇന്ത്യയിൽ ആരെ പങ്കാളിയാക്കണമെന്ന കാര്യത്തിൽ ദസോ എയ്റോനോട്ടിക്സിന് അഭിപ്രായ സ്വാതന്ത്ര്യമില്ലായിരുന്നുവെന്ന് മുൻ ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡും കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
2016ലാണ് ഫ്രഞ്ച് കമ്പനിയിൽനിന്ന് 36 റഫാൽ യുദ്ധ വിമാനങ്ങൾ 58,000 കോടി രൂപക്ക് വാങ്ങാൻ ഇന്ത്യ കരാറിലെത്തുന്നത്. അമിതവില നൽകിയാണ് കരാറെന്ന് േകാൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.