ന്യൂഡൽഹി: പഞ്ചാബ് രാഷ്ട്രീയത്തിലെ രാഖി സാവന്താണ് നവജ്യോത് സിങ് സിദ്ദുവെന്ന് ആംആദ്മി പാർട്ടി നേതാവ് രാഘഖ് ഛദ്ദ. കാർഷിക നിയമങ്ങളിൽ ഡൽഹി സർക്കാറിനെയും അരവിന്ദ് കെജ്രിവാളിനെയും വിമർശിച്ച് പഞ്ചാബ് കോൺഗ്രസ് തലവൻ വിഡിയോ പുറത്തിറക്കിയതിന് പിന്നാലെയാണ് രാഘവിന്‍റെ പ്രതികരണം.
താങ്ങുവില നിർണയിച്ച വിളകൾക്ക് പോലും സ്വകാര്യ മണ്ഡികളിൽ കുറഞ്ഞ വില നിർണയിക്കുകയും കർഷകരെ ചൂഷണം ചെയ്യുകയും ചെയ്യുന്നുവെന്നായിരുന്നു അരവിന്ദ് കെജ്രിവാളിനെതിരായ സിദ്ദുവിന്‍റെ വിമർശനം.
എന്നാൽ, പഞ്ചാബ് രാഷ്്ട്രീയത്തിലെ രാഖി സാവന്താണ് നവജ്യോത് സിങ് സിദ്ദു. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെതിരായ പരാമർശങ്ങളിൽ ഹൈക്കമാൻഡിൽ നിന്ന് ശാസന ലഭിച്ചു. അതിനാൽ ഇന്ന് ഒരു മാറ്റത്തിന് അരവിന്ദ് കെജ്രിവാളിനെ വിമർശിക്കാൻ ശ്രമിച്ചുവെന്നായിരുന്നു രാഘവിന്‍റെ പ്രതികരണം.
രാഘവിന്‍റെ പ്രതികരണത്തിന് മറുപടിയുമായി സിദ്ദു മറ്റൊരു ട്വീറ്റുമായി രംഗത്തെത്തി. 'മനുഷ്യൻ കുരങ്ങുകളിൽനിന്നാണ് മനുഷ്യൻ പരിണമിച്ചതെന്നാണ് പറയുക. എന്നാൽ രാഘവ് ഛദ്ദ നിങ്ങളുടെ മനസിലേക്ക് നോക്കൂ. ഞാൻ വിശ്വസിക്കുന്നു നിങ്ങൾ ഇപ്പോഴും പരിണാമ ഘട്ടത്തിലാണ്. ഇപ്പോഴും നിങ്ങളുടെ സർക്കാറിന്‍റെ കാർഷിക നിയമങ്ങളെ സംബന്ധിച്ച എന്‍റെ സംശയങ്ങൾക്ക് നിങ്ങൾ മറുപടി നൽകിയിട്ടില്ല' -എന്നായിരുന്നു സിദ്ദുവിന്‍റെ മറുപടി.
അതേസമയം, രാഖി സാവന്തിനെ അനാവശ്യമായി ഇവരുടെ പ്രതികരണത്തിലേക്ക് വലിച്ചിഴച്ചതിനെതിരെ നെറ്റിസൺസും നിരവധി കോൺഗ്രസ് നേതാക്കളും പ്രതികരണവുമായെത്തി. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് ഛദ്ദയുടെ പരാമർശമെന്നായിരുന്നു നെറ്റിസൺസിന്‍റെ അഭിപ്രായം. ഒരു രാഷ്ട്രീയ വാക്പോരിൽ അനാവശ്യമായി ഒരു സ്ത്രീയുടെ പേര് വലിച്ചിഴച്ചതിനെതിരെ കോൺഗ്രസ് നേതാവ് അൽക്ക ലാംബ രംഗത്തെത്തി. സ്ത്രീകളോടുള്ള എ.എ.പിയുടെ മാനസികാവസ്ഥയാണ് ഇത് വിവരിക്കുന്നതെന്നായിരുന്നു അൽക്ക ലാംബയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.