ന്യൂഡൽഹി: ‘രാഹുൽ ഗാന്ധി അമേരിക്കൻ ഏജന്റുമാർക്കുവേണ്ടി പ്രവർത്തിക്കുന്ന ‘ഉന്നത രാജ്യദ്രോഹി’ ആണെന്നും അത് കൊണ്ടാണ് അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പാർലമെന്റ് സ്തംഭിപ്പിക്കുന്നതെന്നും ബി.ജെ.പി പാർലമെന്റിൽ ആരോപിച്ചത് ഇരുസഭകളെയും പ്രക്ഷുബ്ധമാക്കി.
രാഹുലിനെ ബി.ജെ.പി അവഹേളിച്ചതിനെതിരായ കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും നിർത്തിവെക്കേണ്ടി വന്നു. രാജ്യസഭ വീണ്ടും ചേർന്ന് വ്യോമയാന ബിൽ അടക്കമുള്ള അജണ്ടകളിലേക്ക് കടന്നപ്പോൾ പ്രതിപക്ഷ പ്രതിഷേധത്തിൽ ലോക്സഭക്ക് വ്യാഴാഴ്ച അജണ്ടകളിലേക്ക് കടക്കാനായില്ല. രാഹുലിനെതിരെ നടത്തിയ പരാമർശത്തിനെതിരെ കോൺഗ്രസ് സ്പീക്കർ ഓം ബിർളക്ക് പരാതി നൽകുകയും ചെയ്തു.
അന്വേഷണാത്മക പത്രപ്രവർത്തനത്തിലൂടെ അദാനിയുടെ ഓഹരി തട്ടിപ്പുകളും അഴിമതിയും പുറത്തുകൊണ്ടുവന്ന ഒ.സി.സി.ആർ.പി (ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട്) എന്ന മാധ്യമ പ്രവർത്തക കൂട്ടായ്മക്ക് അമേരിക്കൻ സർക്കാറുമായി ബന്ധമുണ്ടെന്ന ഫ്രഞ്ച് പ്രസിദ്ധീകരണം ‘മീഡിയാപാർട്ടി’ന്റെ റിപ്പോർട്ട് ഉയർത്തിപ്പിടിച്ചാണ് രാഹുൽ ഗാന്ധി രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന വഞ്ചകനാണെന്ന ആക്രമണം സുധാൻഷു ത്രിവേദി രാജ്യസഭയിലും നിഷികാന്ത് ദുബെ ലോക്സഭയിലും നടത്തിയത്.
അദാനിക്കെതിരെ രാഹുലിന്റെ നേതൃത്വത്തിൽ നടത്തുന്ന നീക്കങ്ങൾക്കുപിന്നിൽ ഒരു ഭാഗത്ത് അമേരിക്കൻ ശതകോടീശ്വരനായ ജോർജ് സോറോസും അമേരിക്കൻ ഏജന്റുമാരും മറുഭാഗത്ത് ഒ.സി.സി.ആർ.പിയുമാണെന്ന് നിഷികാന്ത് ദുബെ ലോക്സഭയിൽ ശൂന്യവേളയിൽ ആരോപിച്ചത് വൻ പ്രതിഷേധത്തിനിടയാക്കി.
നിഷികാന്ത് ദുബെ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ സഭാ നടപടികൾ സ്തംഭിപ്പിച്ചു. പിന്നീട് ഇതുസംബന്ധിച്ച് സ്പീക്കർക്ക് പരാതിയും നൽകി.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അങ്ങേയറ്റം അവഹേളിക്കുന്ന വാക്കുകളാണ് നിഷികാന്ത് ദുബെ ഉപയോഗിച്ചതെന്ന് എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. ഇങ്ങനെ അവഹേളിച്ച് ആളുകളെ ആക്രമിക്കാൻ പറ്റില്ലെന്നും എല്ലാ ചട്ടങ്ങളും നിഷികാന്ത് ദുബെ ലംഘിച്ചെന്നും ശശി തരൂരും വിമർശിച്ചു.
ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നതാധികാരമുള്ള ഒറ്റുകാരനെന്ന് ബി.ജെ.പി. രാഹുൽ ഗാന്ധിയും അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസും ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ടും (ഒ.സി.സി.ആർ.പി) ചേരുന്ന ത്രയം രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ദേശീയ വക്താവ് സംബിത് പത്ര എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഒ.സി.സി.ആർ.പിയുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മോദി സർക്കാറിനെ ലക്ഷ്യമിട്ടാണ് രാഹുൽ വാർത്തസമ്മേളനങ്ങൾ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.