ന്യൂഡൽഹി: കോൺഗ്രസ് 20 തവണ അവതരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടത്തിനായിരിക്കും ലോക്സഭ തെരഞ്ഞെടുപ്പിൽ ജനം വിധിയെഴുതുക എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ബിഹാറിലെ ലഖിസരിയിലെ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഷായുടെ പരാമർശം. ആർ.ജെ.ഡിയുമായി സഖ്യം ചേർന്നതിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഷാ വിമർശിച്ചു.
"2024ൽ ബിഹാറിലെ ജനം തെരഞ്ഞെടുക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ കോൺഗ്രസ് 20 തവണ പുതുമയോടെ അവതരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട രാഹുൽ ഗാന്ധിയേയോ ആണ്. ഇരുപതോളം പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുചേരാൻ തീരുമാനിച്ചു എന്നത് സത്യമാണ്. ഇതേ 20 പാർട്ടികൾ ചേർന്ന് ഇരുപത് ലക്ഷം കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നതും സംഖ്യത്തോട് ചേർത്ത് വായിക്കണം" -ഷാ പറഞ്ഞു.
"ഇടയ്ക്കിടെ കക്ഷി മാറുന്ന നിതീഷ് കുമാറിനെ പോലെ ഒരു നേതാവിന്റെ കൈയിൽ ഭരണം ഏൽപ്പിക്കരുത്. അദ്ദേഹത്തിന് പ്രധാനമന്ത്രിയാകണം എന്ന ആഗ്രഹമാണ്. സത്യമെന്താണെന്നാൽ അദ്ദേഹം പ്രധാനമന്ത്രിയാകില്ല, നിങ്ങൾ കബളിപ്പിക്കപ്പെടുകയാണ്."
വിദേശ രാജ്യങ്ങളിൽ പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമാണ് ലഭിച്ചതെന്നും അമിത് ഷാ പറഞ്ഞു. "ചില രാജ്യങ്ങൾ മോദിയുടെ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടു. ചിലയിടങ്ങളിൽ അദ്ദേഹത്തിന്‍റെ കാൽ തൊട്ട് വണങ്ങി. ഇത് ബി.ജെ.പിക്കല്ല മറിച്ച് ബിഹാറിലെ ജനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ്."
ആർട്ടിക്കിൾ 370 റദാക്കിയാൽ ചോരപ്പുഴയൊഴുകും എന്നായിരുന്നു കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികളുടെ വാദം. പക്ഷെ ജമ്മു കശ്മീരിൽ ഒരു ഉരുളൻകല്ല് പോലും ഇവർ എറിഞ്ഞിട്ടില്ല. ഒരുകാലത്ത് സഖ്യകക്ഷി ആയിരുന്നവരോട് കുറഞ്ഞത് കുറച്ച് ബഹുമാനമെങ്കിലും കാണിക്കാൻ നിതീഷ് കുമാർ പഠിക്കണമെന്നും ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.