ജയ്പൂർ: രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭ പുനഃസംഘടനക്ക് കളമൊരുങ്ങി. മൂന്ന് മന്ത്രിമാർ മന്ത്രിസഭയിൽനിന്ന് രാജിവെച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ പുനസംഘടിപ്പിച്ചേക്കും.
രാജിസന്നദ്ധത അറിയിച്ച് മൂവരും കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. തങ്ങൾ സ്ഥാനം ഉപേക്ഷിക്കാൻ തയാറാണെന്നും പ്രവർത്തകരായി പാർട്ടിയിൽ തുടരുമെന്നും അവർ അറിയിച്ചു.
റവന്യു മന്ത്രി ഹരീഷ് ചൗധരി, മെഡിക്കൽ-ആരോഗ്യ മന്ത്രി ഡോ. രഘു ശർമ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊഡാസറ എന്നിവർ രാജിസന്നദ്ധത അറിയിച്ച് സോണിയക്ക് നേരത്തേ കത്തെഴുതിയതായി കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കാൻ അറിയിച്ചു.
രാജിവെച്ച മൂന്ന് മന്ത്രിമാർക്കും പാർട്ടി ചുമതലകൾ നൽകിയിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ് ഗോവിന്ദ് സിങ്. രഘു ശർമക്ക് ഗുജറാത്തിന്‍റെ ചുമതലയും ഹരീഷ് ചൗധരിക്ക് പഞ്ചാബിന്‍റെ ചുമതലയും ഹൈകമാൻഡ് നൽകി. ഇരട്ട പദവി ഒഴിവാക്കുക കൂടിയാണ് ലക്ഷ്യം.
സചിൻ പൈലറ്റിന്‍റെ സമ്മർദ്ദത്തിന്‍റെ ഫലമായാണ് മന്ത്രിസഭ പുനസംഘടനക്ക് നീക്കം. നേരത്തേ സോണിയയെ പൈലറ്റ് സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഗെഹ്ലോട്ടിനെ നീക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കമാൻഡ് മന്ത്രിസഭ പുനസംഘടനക്ക് വഴിയൊരുക്കുകയായിരുന്നു. 2023ലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസിന്‍റെയും സചിൻ പൈലറ്റിന്‍റെയും നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.