ന്യൂഡൽഹി: മൂന്നംഗ ബെഞ്ച് വാദം കേൾക്കുന്ന ബാബരി കേസ് വിശാലബെഞ്ചിന് കൈമാറണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. മുസ്ലിംകൾക്കിടയിലെ ബഹുഭാര്യത്വം സംബന്ധിച്ച കേസ് വിശാല ഭരണഘടന ബെഞ്ചിന് വിട്ട സുപ്രീംകോടതി അതിനെക്കാൾ പ്രധാനമായ ബാബരി കേസ് അത്തരമൊരു ബെഞ്ചിെൻറ പരിഗണനക്ക് വിടാത്തതിനെച്ചൊല്ലി നടന്ന ചൂടേറിയ വാദത്തിനൊടുവിലാണ് ആവശ്യം താൽക്കാലികമായി തള്ളിയത്. കേസിലെ കക്ഷിയായിരുന്ന എം. സിദ്ദീഖിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനാണ് വിശാല ബെഞ്ചിനുവേണ്ടി വീറോടെ വാദിച്ചത്. എല്ലാ കക്ഷികളുമായും ചർച്ചക്കുശേഷമേ ആവശ്യം പരിഗണിക്കാനാവൂ എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ബഹുഭാര്യത്വം ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹരജിക്കാണ് ബാബരി ഭൂമി കേസിനെക്കാൾ പ്രാധാന്യമെങ്കിൽ അക്കാര്യം തന്നോടും കോടതിമുറിയിലുള്ള മാധ്യമ പ്രവർത്തകരോടും പറയാൻ രാജീവ് ധവാൻ ആവശ്യപ്പെട്ടു. ബഹുഭാര്യത്വ കേസ് ഭരണഘടന ബെഞ്ചിന് വിടാമെങ്കിൽ ബാബരി ഭൂമി കേസും ഭരണഘടന ബെഞ്ചിെൻറ പരിശോധനക്ക് വിടണം. ഹരജിയിൽ ആദ്യം വാദം കേട്ടപ്പോൾതന്നെ ബഹുഭാര്യത്വ കേസ് ഭരണഘടന ബെഞ്ചിനു വിട്ടു. ഇന്ത്യയുടെ മതനിരേപക്ഷതയെ ബാധിക്കുന്ന സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്ന ഒന്നാണ് ബാബരി ഭൂമി തർക്കം. ബഹുഭാര്യത്വത്തെക്കാൾ പ്രാധാന്യം ആ കേസിനുണ്ട്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുമ്പാകെ തുറന്ന കോടതിയിൽ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു രാജീവ് ധവാെൻറ വാദം. എതിർപക്ഷത്തിനു വേണ്ടി ഹാജരായ അഡ്വ. പരാശരനുമായും അഡീഷനൽ സോളിസിറ്റർ ജനറൽമാരായ മനീന്ദർ സിങ്, തുഷാർ മേത്ത എന്നിവരുമായും പല ഘട്ടങ്ങളിലും അദ്ദേഹം കൊമ്പുകോർത്തു. കേസ് ഏത് ബെഞ്ച് പരിഗണിക്കണമെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്ന് അഡ്വ. പരാശരൻ വാദിച്ചു. ഉച്ചക്ക് രേണ്ടാടെ തുടങ്ങിയ വാദം കേൾക്കൽ ചിലഘട്ടങ്ങളിൽ വ്യക്തിഗത വിമർശനങ്ങളിലേക്കും വഴിമാറി. ചില സന്ദർഭങ്ങളിൽ മാധ്യമപ്രവർത്തകരെക്കൂടി അഭിസംബോധന ചെയ്ത ധവാെൻറ നടപടിയെയും ബെഞ്ച് വിമർശിച്ചു.
അതിനിടെ, പള്ളികൾക്ക് പ്രത്യേക പദവിയില്ലെന്നും ഇസ്ലാമിക രീതികൾ പിന്തുടരുന്നതിനോ നമസ്കാരത്തിനോ പള്ളികൾ അനിവാര്യമല്ലെന്നുമുള്ള എം. ഇസ്മാഇൗൽ ഫാറൂഖി കേസിലെ 24 വർഷം മുമ്പത്തെ കോടതിവിധി ധവാൻ ഉദ്ധരിച്ചു. 1993ലെ അയോധ്യ നിയമത്തിലെ പ്രത്യേക ഭൂമി ഏറ്റെടുക്കലിെൻറ ഭരണഘടന സാധുതയാണ് വിധി അപ്രസക്തമാക്കിയിരുന്നത്. അയോധ്യ നിയമപ്രകാരമാണ് നേരത്തേ ബാബരി ഭൂമിയും തൊട്ടുചേർന്ന സ്ഥലങ്ങളും സർക്കാർ ഏറ്റെടുത്തിരുന്നത്. ഇസ്മാഇൗൽ ഫാറൂഖി വിധിയുടെ നിഴൽ അലഹബാദ് ഹൈകോടതി ലഖ്നോ ബെഞ്ചിനെ സ്വാധീനിെച്ചന്നും അദ്ദേഹം കോടതിക്കു മുമ്പാകെ പറഞ്ഞു. ബഹുഭാര്യത്വ കേസിലെ വിധി, ബാബരി ഭൂമി കേസ് ഭരണഘടന ബെഞ്ചിന് വിടണമെന്ന അപ്പീലിെൻറ അടിസ്ഥാനമാകാൻ പാടില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്. അബ്ദുൽ നാസർ എന്നിവർ പറഞ്ഞു. ഏപ്രിൽ 27ന് കേസിൽ വീണ്ടും വാദം കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.