കൊൽക്കത്ത: പശ്ചിമബംഗാളിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ രണ്ടുപേർ കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി. പശ്ചിമ ബർദമാൻ, നോർത്ത് 24 പർഗാന ജില്ലകളിലാണ് രണ്ടുപേർ മരിച്ചത്. അതേസമയം, മുർഷിദാബാദ് ജില്ലയിലെ കാണ്ടിയിലും അക്രമമുണ്ടായി. ഘോഷയാത്ര പതിവുവഴികളിൽനിന്ന് മാറിയതും ഒരു സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ചതുമാണ് അക്രമത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പുരുലിയയിൽ ഞായറാഴ്ച ഒരാൾ കൊല്ലപ്പെട്ടിരുന്നു.
നോർത്ത് 24 പർഗാന ജില്ലയിൽ ഒരു സംഘം മൗലാന അബുൽ കലാം ആസാദിെൻറ പ്രതിമ തകർക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണം. പശ്ചിമ ബർദമാൻ ജില്ലയിലെ റാണിഗഞ്ചിൽ നിരവധി കടകൾ കൊള്ളയടിക്കുകയും തീവെക്കുകയും ചെയ്തു. സംഘർഷത്തിനിടെ അഞ്ചു പൊലീസുകാർക്കും പരിക്കേറ്റിരുന്നു. ബോംബേറിൽ മുതിർന്ന പൊലീസ് ഒാഫിസറുടെ കൈ നഷ്ടപ്പെട്ടു. റാണിഗഞ്ചിൽ ബുധനാഴ്ച വീണ്ടും സംഘർഷമുണ്ടായി. ഇതേതുടർന്ന് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു.
രാമനവമി ആഘോഷത്തിൽ ആയുധവുമായി പെങ്കടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ജില്ല പൊലീസ് സൂപ്രണ്ടുമാർക്ക് നിർദേശം നൽകിയിരുന്നു. രാമനവമി റാലിയിൽ വാളുമായി എത്തിയതിന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.